റിയാദ് - പുണ്യമാസത്തെ വരവേൽക്കുന്നതിന് വിശ്വാസികൾ മനസ്സുകളെയും ശരീരങ്ങളെയും പാകപ്പെടുത്തുന്നതിനിടെ ഇത്തവണ പ്രധാന രാജ്യങ്ങളിലെ ഉപവാസ സമയങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നു. സൗദിയിൽ ഇത്തവണ പൊതുവെ നല്ല കാലാവസ്ഥ കാലത്താണ് വിശുദ്ധ റമദാൻ വരുന്നത്. സൗദിയിൽ നേരിയ ഏറ്റക്കുറച്ചിലുകളോടെ ഏകദേശം പതിനഞ്ചു മണിക്കൂറാണ് വിശ്വാസികൾക്ക് വ്രതമനുഷ്ഠിക്കേണ്ടിവരിക.
എന്നാൽ യൂറോപ്പിലും അമേരിക്കയിലും ഇതല്ല സ്ഥിതി. ഐസ്ലാന്റ് തലസ്ഥാനമായ റെയ്ക്ജാവികിൽ ശരാശരി 22 മണിക്കൂറും 20 മിനിറ്റുമാണ് ഉപവാസ സമയം. നോർവെ തലസ്ഥാനമായ ഓസ്ലോയിൽ ഇത് 19.5 മണിക്കൂറും റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ 19 മണിക്കൂറും 20 മിനിറ്റും ജർമൻ തലസ്ഥാനമായ ബെർലിനിൽ 18 മണിക്കൂറും ബ്രിട്ടൻ തലസ്ഥാനമായ ലണ്ടനിൽ 18 മണിക്കൂറും 40 മിനിറ്റും തുർക്കി തലസ്ഥാനമായ അങ്കാറയിൽ 17.5 മണിക്കൂറും ഇറ്റലി തലസ്ഥാനമായ റോമിൽ 17 മണിക്കൂറും 20 മിനിറ്റും സ്പെയിൻ തലസ്ഥാനമായ മഡ്രീഡിൽ 17 മണിക്കൂറും പത്തു മിനിറ്റുമാണ്.
ഓട്ടവയിൽ (കാനഡ) 17 മണിക്കൂറും 40 മിനിറ്റും വാഷിംഗ്ടണിൽ (അമേരിക്ക) 16 മണിക്കൂറും 50 മിനിറ്റും മെക്സിക്കോ സിറ്റിയിൽ (മെക്സിക്കോ) 14 മണിക്കൂറും 40 മിനിറ്റും ബൊഗോട്ടയിൽ (കൊളംബിയ) 13 മണിക്കൂറും 50 മിനിറ്റും ബ്രസീലിയയിൽ (ബ്രസീൽ) 12.5 മണിക്കൂറും ബ്യൂണസ്അയേഴ്സിൽ (അർജന്റീന) 11 മണിക്കൂറും 10 മിനിറ്റും ആഫ്രിക്കയിലെ അൾജിയേഴ്സിൽ (അൾജീരിയ) 16 മണിക്കൂറും 20 മിനിറ്റും ദാകാറിൽ (സെനഗൽ) 14.5 മണിക്കൂറും നൈറോബിയിൽ (കെനിയ) 13 മണിക്കൂറും 40 മിനിറ്റും ബ്രസ്സവില്ലിയിൽ (കോംഗോ) 13.5 മണിക്കൂറും ജോഹന്നസ്ബർഗിൽ (ദക്ഷിണാഫ്രിക്ക) 12 മണിക്കൂറും പത്തു മിനിറ്റും ആയിരിക്കും ഉപവാസ സമയം.
ബെയ്ജിംഗിൽ (ചൈന) 16 മണിക്കൂറും 40 മിനിറ്റും ടോക്കിയോയിൽ (ജപ്പാൻ) 16 മണിക്കൂറും ന്യൂദൽഹിയിൽ 15 മണിക്കൂറും 40 മിനിറ്റും ബാങ്കോക്കിൽ (തായ്ലന്റ്) 14 മണിക്കൂറും 20 മിനിറ്റും ക്വാലാലംപൂരിൽ (മലേഷ്യ) 13 മണിക്കൂറും 40 മിനിറ്റും ജക്കാർത്തയിൽ (ഇന്തോനേഷ്യ) 13 മണിക്കൂറും പത്തു മിനിറ്റുമായിരിക്കും ശരാശരി വ്രതാനുഷ്ഠാന സമയം. ഉത്തര അമേരിക്കയെ അപേക്ഷിച്ച് ദക്ഷിണ അമേരിക്കയിൽ നോമ്പ് സമയം കുറവാണ്.