Sorry, you need to enable JavaScript to visit this website.

2024 തെരഞ്ഞെടുപ്പിന് ബി.ജെ.പി ഒരുങ്ങുന്നതെങ്ങനെ, ആവനാഴിയിലെ അസ്ത്രങ്ങള്‍ ഇവയാണ്

ന്യൂദല്‍ഹി - ഓരോ പഞ്ചായത്തുകളിലും ആഴ്ചയിലൊരിക്കല്‍ രാത്രി കൂട്ടായ്മകള്‍ ഒരുക്കുന്നത് ഉള്‍പ്പടെ 2024 പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വമ്പന്‍ കരുനീക്കങ്ങളുമായി ബി.ജെ.പി. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കാനും പ്രാദേശികതലത്തില്‍ ഊര്‍ജിത പ്രചാരണത്തിന് വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിക്കാനുമാണ് നിര്‍ദേശം. നിയമവിഭാഗത്തിന്റെ ചുമതലയുള്ളവര്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരേ കോടതികളില്‍ ഹരജികള്‍ നല്‍കുകയും അവര്‍ക്കെതിരേയുള്ള വിഷയങ്ങളില്‍ നിരന്തരം വിവാരാവകാശ പ്രകാരം അപേക്ഷകള്‍ നല്‍കുകയും വേണമെന്നും നിര്‍ദേശിക്കുന്നു.

ലോക്‌സഭ മണ്ഡലങ്ങളുടെ ഉത്തരവാദിത്തമുള്ള കേന്ദ്രമന്ത്രിമാര്‍ അടക്കം ഗ്രൗണ്ടിലിറങ്ങി പ്രവര്‍ത്തിക്കണമെന്നാണ് ബി.ജെ.പി ദേശീയ നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. സര്‍ക്കാരിനേക്കാളും മന്ത്രിപദവിയേക്കാളും വലുതാണ് സംഘടന ചുമതല എന്ന നിര്‍ദേശവും മന്ത്രിമാര്‍ക്കു നല്‍കി കഴിഞ്ഞു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്ന മണ്ഡലങ്ങളില്‍ ശക്തമായ പ്രവര്‍ത്തനം നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലോക്‌സഭ, നിയമസഭ മണ്ഡലങ്ങളുടെ ചുമതലയുള്ളവര്‍ക്ക് പ്രവര്‍ത്തനത്തിനായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും നല്‍കി. ഓരോരുത്തരും അവരുടെ ഉത്തരവാദിത്തപ്പെട്ട മേഖലകളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടും. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്‌സഭ മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കന്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് കേന്ദ്രമന്ത്രിമാരെ ഏല്‍പ്പിച്ചിരിക്കുന്ന സംഘടന ചുമതല സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ പ്രധാനപ്പെട്ടതാണെന്ന മുന്നറിയിപ്പു നല്‍കിയത്. ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം ലാഘവത്തോടെ കാണരുതെന്ന ശക്തമായ മുന്നറിയിപ്പായിരുന്നു അത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപെട്ട മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടെത്തി പ്രചാരണം നടത്തും. പാര്‍ട്ടി രണ്ടാമതോ മൂന്നാമതോ സ്ഥാനത്തെത്തിയ  പശ്ചിമ ബംഗാള്‍, തെലങ്കാന, മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ബിഹാര്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള 144 മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബി.ജെ.പിയുടെ പദ്ധതി. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തിലാണ് ബി.ജെ.പിയുടെ നീക്കം. രാജ്യത്തെ തെരഞ്ഞെടുത്ത 144 സീറ്റുകളില്‍ പ്രധാനമന്ത്രി മോഡിയുടെ മെഗാ റാലി സംഘടിപ്പിക്കും. ഈ സീറ്റുകളില്‍ ഭൂരിഭാഗവും 2019 ല്‍ ബി.ജെ.പിക്ക് പരാജയം നേരിടേണ്ടി വന്നവയാണ്. ഇതിനായുള്ള 'ക്ലസ്റ്റര്‍ പ്ലാന്‍' പാര്‍ട്ടി തയ്യാറാക്കിയിരുന്നു. ബംഗാള്‍ കഴിഞ്ഞാല്‍ ബി.ജെ.പി പരാജയപെട്ട ഭൂരിഭാഗം സീറ്റുകളും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേതാണ്.

ഓരോ നിയോജക മണ്ഡലത്തിലും ജാതി അടിസ്ഥാനത്തില്‍ നിര്‍ണായകമാകുന്ന വോട്ടുകള്‍ കണ്ടെത്തണം. പട്ടികജാതി വിഭാഗങ്ങളിലും പ്രാദേശിക ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കിടയിലും സ്വാധീനമുള്ളവരെ കണ്ടെത്തി ഒപ്പം നിര്‍ത്തണം. പ്രതിപക്ഷ പാര്‍ട്ടികളുടെ എല്ലാ നീക്കങ്ങളും നിരീക്ഷിക്കണം എന്നതുള്‍പ്പടെയുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
ക്ലസ്റ്ററുകളുടെ ചുമതലയുള്ളവര്‍ ലോക്‌സഭയുടെ ചുമതലയുള്ള നേതാക്കളുമായി കൂടിയാലോചിച്ച് ലോക്‌സഭ, നിയമസഭ കോര്‍ കമ്മിറ്റി യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കണം. കേന്ദ്ര മന്ത്രിമാരെ ഉള്‍പ്പെടുത്തി വിവിധ യോഗങ്ങളും റാലികളും ആസൂത്രണം ചെയ്യുകയും ഉന്നത നേതാക്കളുമായി വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള വ്യക്തികളുമായും സംഘടനകളുമായും കൂടിക്കാഴ്ച നടത്തണം. ലോക്‌സഭയുടെ ചുമതലയുള്ളവര്‍ വേണം പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഭ്യന്തര മന്ത്രി അമിത്ഷാ, ബി.ജെ.പി പ്രസിഡന്റ് ജെ.പി നഡ്ഡ തുടങ്ങിയവര്‍ മണ്ഡലത്തില്‍ പങ്കെടുക്കേണ്ട റാലികള്‍ സംഘടിപ്പിക്കേണ്ട സുപ്രധാന സ്ഥലങ്ങള്‍ കണ്ടെത്തേണ്ടത്. കൂടാതെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും രാത്രികാല കൂട്ടായ്മകള്‍ സംഘടിപ്പിക്കണം.

നിയമസഭ മണ്ഡലങ്ങളുടെ ചുമതലകള്‍ ഉള്ളവരാണ് ഓരോ പഞ്ചായത്തുകളിലും രാത്രികാല കൂട്ടായ്മകള്‍ സംഘടിപ്പിക്കേണ്ടത്. സോഷ്യല്‍ മീഡിയയുടെ ചുമതലയുള്ളവര്‍ ബൂത്ത് തലം മുതല്‍ എല്ലാ മാധ്യമങ്ങളിലും ശ്രദ്ധ പതിപ്പിക്കണം.

 

 

Latest News