കൊച്ചി - കേരളത്തെ ഞെട്ടിച്ച ഇലന്തൂരിലെ ഇരട്ട നരബലിക്കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കൊച്ചി ഡി.സി.പി ശശിധരന്റെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണസംഘം. പെരുമ്പാവൂർ എ.എസ്.പി അനുജ് പാലിവാളാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ എ.ഡി.ജി.പി വിജയ് സാഖറെ അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കും.
എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ സി ജയകുമാർ, കടവന്ത്ര സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു ജോസ്, കാലടി സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് എന്നിവർ അന്വേഷണ ഉദ്യോഗസ്ഥരും എളമക്കര പോലീസ് സ്റ്റേഷനിലെ എസ്.ഐ എയിൻ ബാബു, കാലടി എസ്.ഐ ബിപിൻ ടി.ബി എന്നിവർ അംഗങ്ങളുമായുള്ളതാണ് അന്വേഷണസംഘം.
അതിനിടെ, നരബലിക്കിരയായ സ്ത്രീകളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് പൂർത്തിയായില്ല. നാളെയും തുടരും. അതിക്രൂരമായ കൊലപാതകമാണ് പ്രതികൾ നടത്തിയതെന്നും, സാമ്പത്തിക ഉന്നമനവും ഐശ്വര്യവും ദേവപ്രീതിയും നേടാനാണ് പ്രതികൾ കൃത്യം നടത്തിയതെന്നുമാണ് റിമാൻഡ് റിപോർട്ട്.