ലഖ്‌നൗ- മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി. ഇ.ഡി കേസില്‍ ലഖ്‌നൗ ജില്ലാ കോടതിയാണ് സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇ.ഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാനാകൂ.
യു.എ.പി.എ കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ.ഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാനായില്ല. 2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഹത്രാസിലേക്കുള്ള യാത്രാമധ്യേ യു.പി സര്‍ക്കാര്‍ യുഎപിഎ ചുമത്തി ജയിലിലടച്ച സിദ്ദീഖ് കാപ്പന് മെയ് ഒമ്പതിനാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. യു.പി പോലീസ് കണ്ടെത്തിയ തെളിവുകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്.
അടുത്ത ആറാഴ്ച ഡല്‍ഹിയില്‍ തങ്ങണമെന്ന വ്യവസ്ഥയിലാണ് കാപ്പന് ജാമ്യം അനുവദിച്ചത്. എന്നാല്‍ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിച്ചാല്‍ മാത്രമേ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാനാകൂ. 2020 ഒക്ടോബര്‍ അഞ്ചിന് ഹത്രാസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി മരിച്ച സംഭവസ്ഥലത്തേക്കുള്ള യാത്രാമധ്യേയാണ് സിദ്ദിഖ് കാപ്പന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന സിദ്ദീഖ് കാപ്പനെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. യുഎപിഎ വകുപ്പുകള്‍ ചുമത്തി അറസ്റ്റിലായ കാപ്പന്‍ കഴിഞ്ഞ 22 മാസമായി ജയിലിലാണ്. മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് കാപ്പന്‍ സുപ്രീം കോടതിയെ സമീപിച്ചത്.