ഗോണ്ട- പ്രവാചകനെ കുറിച്ചുള്ള അധിക്ഷേപകരമായ സോഷ്യല്‍ മീഡിയ പോസ്റ്റിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ സംഘര്‍ഷാവസ്ഥ.
കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച പ്രതിയുടെ വീടിന് നേരെ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ കല്ലെറിഞ്ഞതിതിനെ തുടര്‍ന്നാണ് സംഘര്‍ഷം വ്യാപിച്ചത്. പിന്നീട് സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം സോഷ്യല്‍ മീഡയയില്‍ പോസ്റ്റ് ചെയ്ത പ്രതി റിക്കിയെ അറസ്റ്റ് ചെയ്തു. അക്രമത്തില്‍ ഏര്‍പ്പെട്ടതിന് മറ്റ് 25 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഫേസ് ബുക്കില്‍ പ്രവാചകനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ റിക്കിക്കെതിരെ പ്രതിഷേധിച്ചവര്‍ പ്രതിയുടെ വീടിന് നേരെ കല്ലെറിഞ്ഞതായി പോലീസ് പറഞ്ഞു.
ചൗക്ക് ബസാര്‍ മേഖലയില്‍ രാത്രിയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടെങ്കിലും ഉടന്‍ നിയന്ത്രണവിധേയമായതായി എസ്.പി ആകാശ് തോമര്‍ പറഞ്ഞു. സമാധാനം നിലനിര്‍ത്താന്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികാര നടപടികള്‍ ഉണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. പ്രതിയും അക്രമത്തില്‍ ഏര്‍പ്പെട്ടവരും അറസ്റ്റിലായിട്ടുണ്ട്. സമുദായത്തിലെ മുതിര്‍ന്ന അംഗങ്ങളുമായി സംസാരിക്കുകയും സമാധാനിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ജില്ലാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റിക്കിക്കെതിരെയും മപോലീസ് വാഹനങ്ങള്‍ക്ക് കേടുവരുത്തിയവര്‍ക്കെതിരെയും റിക്കിയെ ആകമിച്ചവര്‍ക്കെതിരെയുമാണ് കേസ്.