കൊല്ലം- എസ്.ഡി.പി.ഐ പിന്തുണ്ക്കുന്ന പോരുവഴിലെ യു.ഡി.എഫ് ഭരണം തുലാസിൽ. കോൺഗ്രസ് അംഗത്തിന്റെ പിന്തുണയോടെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് സൂചന.
ഗ്രാമപഞ്ചായത്തംഗവും കുന്നത്തൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവുമായാണ് അണിയറയിൽ ചർച്ച പുരോഗമിക്കുന്നത്. എൽ.ഡി.എഫിലെ അഞ്ച് പേരും ഈ അംഗവും ഒപ്പിട്ട് അവിശ്വാസ പ്രമേയനോട്ടീസ് അധികം വൈകാതെ നൽകും. അവിശ്വാസ പ്രമേയ ചർച്ച വിജയിക്കുന്ന പക്ഷം മറ്റ് നടപടികളിലേക്ക് കടക്കാനാണ് സാധ്യത. എൽ.ഡി.എഫ് കൊണ്ടുവരുന്ന പ്രമേയത്തെ അനുകൂലിക്കുന്ന കോൺഗ്രസ്
അംഗത്തിന് വരുന്ന മൂന്ന് വർഷക്കാലവും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നൽകാമെന്നാണ് നിലവിലെ ധാരണയെന്ന് അറിയുന്നു. പുറത്ത് നിന്നുള്ള പിന്തുണയാണ് നൽകുന്നതെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനം സി.പി.എം ഏറ്റെടുക്കും.
18 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ യു.ഡി.എഫ് 5,എൽ.ഡി.എഫ് 5,ബി.ജെ.പി 5, എസ്.ഡി.പി.ഐ 3 എന്നിങ്ങനെയാണ് കക്ഷിനില.ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽഎസ്.ഡി.പി.ഐ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം നടത്തുന്നത്.
എസ്.ഡി.പി.ഐ പിന്തുണ വിവാദമായതിനെ തുടർന്ന് മറ്റുള്ളവരുടെ വായടപ്പിക്കാൻ വേണ്ടി പ്രസിഡന്റ് ബിനു മംഗലത്തിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയതായി നേതൃത്വം അറിയിച്ചിരുന്നു.
അടുത്തിടെ പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിനെ തുടർന്നാണ് അവരുടെ രാഷ്ട്രീയ പാർട്ടിയായ എസ്.ഡി.പി.ഐയുടെ പിന്തുണയുള്ള ഭരണസമിതി രാജിവെക്കണമെന്ന ശക്തമായ ആവശ്യം വീണ്ടും ഉയർന്നത്. എൽ.ഡി.എഫും ബി.ജെ.പിയും രാജി ആവശ്യവുമായി രംഗത്തെത്തുകയും ബി.ജെ.പി പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും നടത്തിയിരുന്നു.
പോരുവഴിയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളും പഞ്ചായത്ത് ഭരണ സമിതി രാജവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.
ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റുകൂടിയായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോൺഗ്രസ് നേതാക്കൾ തന്നെ പരസ്യവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ
ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സ്ഥാനത്തു നിന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനെ ബന്ധപ്പെട്ടതായും റിപ്പോർട്ടുണ്ട്.