ദോഹ - ഖത്തറില്‍ ലോകകപ്പ് വീക്ഷിക്കാന്‍ അവസരം കിട്ടാത്തവര്‍ ഖലീല്‍ അല്ബലൂഷിയുടെ ഉച്ചസ്ഥായിയിലുള്ള കമന്ററിക്കാണ് കാത്തിരിക്കുന്നത്. ഒമാനില്‍ ജനിക്കുകയും കഴിഞ്ഞ 16 വര്‍ഷമായി ഖത്തറില്‍ ജീവിക്കുകയും ചെയ്യുന്ന ബലൂഷിയുടെ കമന്ററി ഖത്തറിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശം പകരുന്നു. ബ്രസീലിലെയും അര്‍ജന്റീനയിലെയും കമന്റേറ്റര്മാരെയാണ് അറബ് ലോകത്തുള്ളവര്‍ പിന്തുടരുന്നതെന്ന് നാല്പത്തിരണ്ടുകാരന് പറയുന്നു.
ഖത്തര്‍ ലീഗില്‍ ബലൂഷി കമന്ററി പറയുമ്പോള്‍ ആവശ്യത്തിന് വെള്ളവും വിയര്‍പ്പ് തുടക്കാന്‍ ടിഷ്യു പേപ്പറുകളും സംഘാടകര്‍ സജ്ജമാക്കി വെക്കുന്നു. ഹമീസ് റോഡ്രിഗസ്, സ്റ്റീവന്‍ എന്‍സോന്‍സി, യാസീന്‍ ബ്രാഹിമി തുടങ്ങിയ ലോകോത്തര താരങ്ങള്‍ ഇപ്പോള്‍ ഖത്തര്‍ ലീഗില്‍ കളിക്കുന്നുണ്ട്. നിരവധി അറബ് കളിക്കാര്‍ ലീഗിലുള്ളതിനാല്‍ അറബ് കുടിയേറ്റക്കാര്‍ ഖലീലിന്റെ വാഗ്ധോരണി കാതോര്‍ത്തു നില്ക്കും.