ന്യൂദൽഹി- രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞു. കേവലം 18,452 ഗ്രാമങ്ങളിൽ മാത്രമാണ് മോഡി സർക്കാർ കഴിഞ്ഞ നാലു വർഷമെടുത്ത് വൈദ്യുതി എത്തിച്ചത്. ബാക്കി അരലക്ഷത്തോളം ഗ്രാമങ്ങൾ നേരത്തെ തന്നെ വൈദ്യുതീകരിക്കപ്പെട്ടവയാണ്. കണക്കുകൾ നിരത്തിയാണ് ട്വിറ്ററിൽ മോഡിയുടെ വാദം പൊളിച്ചടുക്കിയത്. വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ സേനാപതി ജില്ലയിലെ ഒറ്റപ്പെട്ട ഗ്രാമമായ ലെയ്‌സാങിനെ നാഷണൽ പവർ ഗ്രിഡുമായി ബന്ധപ്പിച്ചതോടെയാണ് ഇന്ത്യ പൂർണമായും വൈദ്യുതീകരിച്ചുവെന്ന പ്രഖ്യാപനവുമായി വെള്ളിയാഴ്ച പ്രധാനമന്ത്രി രംഗത്തെത്തിയത്. എന്നാൽ രാജ്യത്ത് വൈദ്യുതീകരിക്കപ്പെടാത്ത മൂന്നു കോടി ഗ്രാമീണ വീടുകൾ ഇനിയും ബാക്കിയുണ്ടെന്ന്് ബ്ലൂംബർഗ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2019 മാർച്ചോടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനാകുമെന്ന സർക്കാരിന്റെ പ്രഖ്യാപനവും നിലവിലെ ശേഷി ഉപയോഗിച്ച് സാധ്യമല്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഒരു ഗ്രാമത്തിലെ വീടുകൾ, പൊതുസ്ഥലങ്ങൾ, സ്‌കൂളുകൾ, ആശുപത്രികൾ എന്നിവയുൾപ്പെടെ 10 ശതമാനം സ്ഥലങ്ങളിൽ മാത്രം വൈദ്യുതി എത്തിയാൽ തന്നെ ആ ഗ്രാമത്തെ വൈദ്യുതീകരിക്കപ്പെട്ട ഗ്രാമമായാണ് സർക്കാർ കണക്കാക്കുന്നത്. 2018 ഏപ്രിൽ 26 വരെയുള്ള കണക്കുകൾ പ്രകാരം വൈദ്യുതീകരിക്കപ്പെട്ട ഗ്രാമങ്ങളിലെ എട്ടു ശതമാനത്തിൽ താഴെ വീടുകളിൽ മാത്രമെ വൈദ്യുതി എത്തിയിട്ടുള്ളൂ.
സൗഭാഗ്യ എന്ന പേരിലുള്ള പ്രധാനമന്ത്രി സഹജ് ബിജ്‌ലി ഹർ ഘർ യോജന പദ്ധതി പ്രകാരം 2019 മാർച്ചിനു മുമ്പായി നാലു കോടി വീടുകളിൽ വൈദ്യുതി എത്തിക്കുമെന്ന് കഴിഞ്ഞ വർഷം സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ നേട്ടം കൈവരിക്കണമെങ്കിൽ ഇപ്പോൾ നടന്നു വരുന്ന പ്രതിമാസ വൈദ്യുദീകരണ പ്രവൃത്തികൾ മൂന്നിരട്ടിയായി വർധിപ്പിച്ചെ മതിയാകൂവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. അതായത് 2019ന് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്ന നേട്ടം കൈവരിക്കാനാകുമോ എന്ന കാര്യം പോലും സംശയത്തിലാണ്.
സാമ്പത്തിക വിദഗ്ധരും നിരീക്ഷകരും കണക്കുകൾ നിരത്തിയാണ് ട്വിറ്ററിൽ മോഡിയുടെ കണക്കുകളിലെ പൊള്ള വാദം തുറന്നു കാട്ടിയത്. മോഡി അധികാരത്തിലെത്തുന്നതിനു മുമ്പ് തന്നെ മുൻ സർക്കാരുകൾ 94 ശതമാനം വൈദ്യുതീകരണം പൂർത്തിയാക്കിയിരുന്നുവെന്ന് സാമ്പത്തിക വിദഗ്ധയായ രൂപ സുബ്രമണ്യ ട്വീറ്റ് ചെയ്തു. 2004ൽ അധികാരത്തിലെത്തിയ യുപിഎ സർക്കാരാണ് 79 ശതമാനത്തിൽ നിന്നും 2014ഓടെ 94 ശതമാനത്തിലെത്തിച്ചതെന്ന് സർക്കാരിന്റെ തന്നെ കണക്കുകളെ ഉദ്ധരിച്ച് അവർ ചൂണ്ടിക്കാട്ടുന്നു. വെറും ആറു ശതമാനം മാത്രമാണ് എൻഡിഎ സർക്കാരിന്റെ നേട്ടം.