തിരുവനന്തപുരം- സംസ്ഥാനത്ത് ആഭിചാരക്രിയയുടെ പേരില്‍ നടന്ന കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംഭവത്തില്‍ ആദ്യ പരാതിയില്‍ തന്നെ ഗൗരവത്തോടെ അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ മറ്റൊരു ജീവന്‍ രക്ഷിക്കാമായിരുന്നു. ഇത്തരത്തില്‍ കൂടുതല്‍ സംഭവങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് പോലിസ് വിശദമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
കൊലയാളികളില്‍ ഒരാള്‍ പുരോഗമന നിലപാട് അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകന്‍ എന്ന കാര്യം ഗൗരവതരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആഭിചാരക്രിയയുടെ പേരില്‍ രണ്ട് സ്ത്രീകളെ പൈശാചികമായി കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ദുര്‍മന്ത്രവാദവും അതുമായി ബന്ധപ്പെട്ട നരബലിയും നടന്നെന്ന വാര്‍ത്ത ഉത്തരേന്ത്യയില്‍ നിന്നല്ല, നവോത്ഥാനത്തിന്റെ നെറുകയില്‍ നില്‍ക്കുന്നെന്ന് നാം ഓരോരുത്തരും ഊറ്റം കൊള്ളുന്ന നമ്മുടെ കേരളത്തില്‍ നിന്നു തന്നെയാണ്. കേട്ടുകേള്‍വി മാത്രമായ കുറ്റകൃത്യങ്ങള്‍ നമ്മുടെ കണ്‍മുന്നിലും സംഭവിക്കുകയാണ്. പരിഷ്‌കൃത സമൂഹമെന്ന് അഭിമാനിക്കുന്ന നമ്മള്‍ ഓരോരുത്തരും അപമാനഭാരത്താല്‍ തലകുനിയ്‌ക്കേണ്ട സംഭവങ്ങളാണ് പുറത്തു വരുന്നത്.
ആദ്യം കൊല്ലപ്പെട്ട സ്ത്രീയെ ജൂണ്‍ ആറ് മുതല്‍ കാണാനില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ആഗസ്ത് 17 ന് കാലടി പോലിസില്‍ പരാതിയെത്തി. സപ്തംബര്‍ 26ന് കടവന്ത്ര പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ സ്ത്രീയുടെ മിസ്സിങ് കേസിനെ തുടര്‍ന്നാണ് കാര്യമായ അന്വേഷണമുണ്ടായത്. ആദ്യ പരാതിയില്‍ തന്നെ ഗൗരവകരമായ അന്വേഷണം നടന്നിരുന്നുവെങ്കില്‍ മറ്റൊരു ജീവന്‍ രക്ഷിക്കാമായിരുന്നു. ആഭിചാരത്തിന്റെ പേരില്‍ കൂടുതല്‍ കൊലപാതകങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ വിശദമായ പൊലീസ് അന്വേഷണം നടത്തേണ്ടതുണ്ട്.
കൊലയാളികളില്‍ ഒരാള്‍ പുരോഗമന നിലപാട് അവകാശപ്പെടുന്നൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു എന്നതും ഗൗരവതരമാണ്. അതുകൊണ്ട് തന്നെ ബാഹ്യഇടപെടലുകളുണ്ടാകാതെ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കണം.