കോട്ടയം- സംസ്ഥാനത്ത് നരബലി നടന്നതായി കണ്ടെത്തല്‍. തിരുവല്ലയിലെ ദമ്പതിമാർക്കായി എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ നരബലി നൽകി കൊലപ്പെടുത്തിയെന്നാണ് വിവരം. തിരുവല്ല സ്വദേശികളായ ദമ്പതികള്‍ക്ക് വേണ്ടിയാണ് പെരുമ്പാവൂരില്‍ നിന്നുള്ള ഏജന്റ് കാലടിയില്‍ നിന്നും കടവന്ത്രയില്‍ നിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്. മൂന്ന് പേര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുണ്ട്. സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റും ദമ്പതികളുമാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.
കടവന്ത്രയിൽ ഒരു സ്ത്രീയെ കാണാനില്ലെന്ന അന്വേഷണമാണ് വഴിത്തിരിവായത്. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവത്, ഭാര്യ ലീല, പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.
ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂരിലെ ഏജന്റിന്റെ സഹായത്തോടെ സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് ബലി നൽകിയെന്നാണ് വിവരം. പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.മരിച്ച സ്ത്രീകളുടെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. ആർിഡിഒ അടക്കമുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.