Sorry, you need to enable JavaScript to visit this website.

ആരോട് വോട്ട് ചോദിക്കും, വോട്ടര്‍ പട്ടിക പോലുമില്ലാതെ തരൂര്‍ വലയുന്നു

ന്യൂദല്‍ഹി- ആരോട് വോട്ട് ചോദിക്കണമെന്ന് പോലും അറിയാതെ വലയുന്ന ശശി തരൂരിനെ കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്കുള്ള മത്സരത്തില്‍ ഹൈക്കമാന്റ് വരിഞ്ഞുമുറുക്കുന്നു. 13 സംസ്ഥാനങ്ങളിലെ പൂര്‍ണ വോട്ടര്‍ പട്ടിക ലഭിച്ചില്ലെന്നാണ് തരൂരിന്റെ പരാതി. ലഭിച്ച പട്ടികയില്‍ 3,267 പേര്‍ക്ക് വിലാസമോ മൊബൈല്‍ നമ്പറോ ഇല്ല. കേരളത്തില്‍നിന്നു ലഭിച്ച പട്ടികയില്‍ 40 പേരും ഈ ഗണത്തില്‍ ഉള്‍പ്പെടുന്നു.
ആര്‍ക്കും മത്സരിക്കാമെന്നും നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നുമായിരുന്നു തുടക്കത്തില്‍ ഹൈക്കമാന്‍ഡ് വ്യക്തമാക്കിയത്. എന്നാല്‍, പ്രചാരണം കടുത്തതോടെ തരൂരിന് അനുകൂലമായി പൊതുവികാരം രൂപപ്പെടുന്നത് ഹൈക്കമാന്‍ഡിനെ അസ്വസ്ഥമാക്കി. രഹസ്യ ബാലറ്റായതിനാല്‍ പരസ്യമായി പിന്തുണക്കുന്നവരുടെ വോട്ട്‌പോലും മറിയുമോയെന്ന ആശങ്കയും ഹൈക്കമാന്‍ഡിനുണ്ട്. ഈ അട്ടിമറിയിലാണ് തരൂരിന്റെ പ്രതീക്ഷ.
തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാണെന്നും പി.സി.സി അധ്യക്ഷന്‍മാരില്‍നിന്ന് വോട്ടര്‍ പട്ടിക ലഭ്യമാകുമെന്നുമാണു തെരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദന്‍ മിസ്ത്രിയുടെ വാദം. പി.സി.സികള്‍ സഹകരിക്കാത്ത സാഹചര്യത്തില്‍ പട്ടിക എങ്ങിനെ ലഭ്യമാകുമെന്നാണു തരൂരിന്റെ ചോദ്യം. ഓണ്‍ലൈന്‍ സംവിധാനമടക്കം സാര്‍വത്രികമായ ഇക്കാലത്ത് വോട്ടര്‍ പട്ടിക കൈമാറ്റം ചെയ്യുന്നതിന് എന്താണ് തടസമെന്നും തരൂരിനൊപ്പമുള്ളവര്‍ ചോദിക്കുന്നു.
പ്രചാരണത്തിനായി മഹാരാഷ്ട്രയിലെത്തിയ ശശി തരൂരിനെ കാണാന്‍പോലും പി.സി.സി. അധ്യക്ഷന്‍ നാനാ പട്ടോളെ കൂട്ടാക്കിയില്ല. മുതിര്‍ന്ന നേതാക്കളും എത്തിയില്ല. വോട്ടര്‍ പട്ടിക പൂര്‍ണതോതില്‍ ലഭ്യമാക്കിയതുമില്ല.
ഭാരവാഹികള്‍ പക്ഷം പിടിക്കരുതെന്നും പ്രചാരണം നടത്തണമെങ്കില്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്ക്കണമെന്നുമുള്ള ഹൈക്കമാന്‍ഡ് നിര്‍ദേശം കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ പോലും പാലിക്കുന്നില്ല. നാട്ടുകാരനായ ഖാര്‍ഗെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക പി.സി.സി. രംഗത്തുണ്ട്.

 

Latest News