Sorry, you need to enable JavaScript to visit this website.

ശിവസേനക്കും ഷിന്‍ഡെ വിഭാഗത്തിനും പുതിയ പേര്, ചിഹ്നം

ന്യൂദല്‍ഹി- ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം ഇനി ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ എന്നറിയപ്പെടും.  പുതിയ പാര്‍ട്ടി ചിഹ്നം തീപ്പന്തം ആയിരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ് ഇക്കാര്യം ഇന്ന് പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി ബാലാസാഹെബഞ്ചി ശിവസേന (ബാലാസാഹെബിന്റെ ശിവസേന) എന്നായിരിക്കും അറിയപ്പെടുക.

ഷിന്‍ഡെ വിഭാഗത്തിന് ഇതുവരെ പാര്‍ട്ടി ചിഹ്നം അനുവദിച്ചിട്ടില്ല. നാളെ രാവിലെ 10 മണിക്കകം മൂന്ന് പുതിയ ഓപ്ഷനുകള്‍ നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ, ഇരു വിഭാഗങ്ങളും നിര്‍ദ്ദേശിച്ച ഗദ, ത്രിശൂലം (ത്രിശൂലം) എന്നിവ മതചിഹ്നമായതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരസിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മതപരമായ ചിഹ്നങ്ങള്‍ നല്‍കുന്നതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ കടുത്ത നിലപാടാണ് സ്വീകരിച്ചത്.

ശിവസേനയുടെ താക്കറെ വിഭാഗം മൂന്ന് പേരുകളുടെയും ചിഹ്നങ്ങളുടെയും പട്ടിക നല്‍കിയിരുന്നു. 'ശിവസേന ബാലാസാഹേബ് താക്കറെ' ആദ്യ ചോയ്‌സും 'ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ' രണ്ടാമത്തേതും 'ശിവസേന ബാലാസാഹേബ് പ്രബോധങ്കര്‍ താക്കറെ' മൂന്നാമത്തേതുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

'ശിവസേന ഉദ്ധവ് ബാലാസാഹെബ് താക്കറെ' എന്ന പേര് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചതില്‍ താക്കറെ ഗ്രൂപ്പ് സംതൃപ്തി രേഖപ്പെടുത്തി. 'ഞങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യമുള്ള മൂന്ന് പേരുകള്‍  ഉദ്ധവ് ജി, ബാലാസാഹെബ്, താക്കറെ  പുതിയ പേരില്‍ നിലനിര്‍ത്തിയതില്‍ സന്തോഷമുണ്ട്- താക്കറെ വിശ്വസ്തനും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ഭാസ്‌കര്‍ ജാദവ് പറഞ്ഞു.

'യഥാര്‍ത്ഥ' ശിവസേനയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ ശിവസേനയുടെ ചിഹ്നവും പേരും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചതിനെ ഉദ്ധവ് താക്കറെ വിമര്‍ശിച്ചിരുന്നു.
ശനിയാഴ്ചത്തെ ഉത്തരവിനെതിരെ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു, പാര്‍ട്ടിയുടെ പേരും ചിഹ്നവും ഒരു വാദവും കേള്‍ക്കാതെയാണ് മരവിപ്പിച്ചതെന്നും ഇത് സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News