ധരംപൂര്‍- ഗുജറാത്തില്‍ ബി.ജെ.പിയുടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും രഹസ്യമായി ആം ആദ്മി പാര്‍ട്ടിയെ പിന്തുണക്കുന്നുണ്ടെന്ന് ദല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ് രിവാള്‍.
അടുത്ത തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുടെ പരാജയം കാണാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും കെജ് രിവാള്‍ അവകാശപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുടെ പരാജയം കാണാന്‍ ആഗ്രഹിക്കുന്നവരാണ് ബി.ജെ.പിയിലെ മിക്കവരും. തന്നെ ഹിന്ദുവിരുദ്ധനായി വിശേഷിപ്പിച്ച് ഗുജറാത്തിലെ നഗരങ്ങളില്‍ പോസ്റ്ററുകള്‍ നിരത്തിയവര്‍ ചെകുത്താന്റെ സന്തതികളാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.
പല ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും എന്നെ കാണുകയും ഭരണകക്ഷിയെ പരാജയപ്പെടുത്താന്‍ എന്തെങ്കിലും ചെയ്യണമെന്ന് രഹസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. തങ്ങളുടെ പാര്‍ട്ടി പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് അവര്‍. മിക്കവാറും ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളും ആം ആദ്മിക്ക് വേണ്ടി രഹസ്യമായി പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്നുണ്ട്- കെജ്‌രിവാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
27 വര്‍ഷമായി ബി.ജെ.പി തുടര്‍ച്ചയായി ഭരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഇനിയും സംസ്ഥാനത്ത് വിജയിക്കുമെന്ന ബി.ജെ.പിയുടെ അഹങ്കാരമാണ് ഇല്ലാതാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.