Sorry, you need to enable JavaScript to visit this website.

സൗദി അരാംകോയെ ശിവസേന നാടുകടത്തുമോ?  

രത്നഗിരി- മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍ സൗദി അരാംകോയും പൊതുമേഖലാ എണ്ണക്കമ്പനികളും സംയുക്തമായി ആരംഭിക്കാനിരിക്കുന്ന ലോകത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയ്ക്കെതിരെ പ്രതിഷേധമുയരുന്നു. സൗദി അരാംകോ മൂന്ന് ലക്ഷം കോടി രൂപ മുടക്കുന്ന ഈ പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെതിരെയാണ് കര്‍ഷകരും മത്സ്യബന്ധന തൊഴിലാളികളുമായ ഗ്രാമീണര്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ രംഗത്തു വന്നിരിക്കുന്നത്. രത്നഗിരി ജില്ലയിലെ 14 വില്ലേജുകളിലും സിന്ധുദുര്‍ഗ് ജില്ലയിലെ രണ്ടു വില്ലേജുകളിലുമായി വ്യാപിച്ചു കിടക്കുന്ന 15,000 ഏക്കര്‍ ഭൂമിയാണ് ഈ കൂറ്റന്‍ റിഫൈനറി പദ്ധതിക്കുവേണ്ടി മഹാരാഷ്ട്രാ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.

കൊങ്കണ്‍ മേഖലയിലെ ഈ ഭൂമിയുടെ 80 ശതമാനവും കൃഷിക്കായി ഉപയോഗപ്പെടുത്തിവരുന്നതാണെന്ന് കര്‍ഷകര്‍ പറയുന്നു. ഇവിടെ 16 ലക്ഷം മാവുകളും മൂന്ന് ലക്ഷം കശുമാവുകളും കൃഷി ചെയ്തു വരുന്നുണ്ട്. ഇവയാണ് ഈ മേഖലയിലെ പ്രധാന കൃഷി. ഏറ്റവും രുചികരമായ മാങ്ങയായ അല്‍ഫോണ്‍സോയ്ക്കും പേരുകേട്ട ഇടമാണ് രത്നഗിരി. 22,000 കര്‍ഷകരേയും 4,500 മത്സ്യതൊഴിലാളികളേയും ഈ പദ്ധതി പ്രതികൂലമായി ബാധിക്കുമെന്നാണ് പറയപ്പെടുന്നത്.

ഭൂമി ഏറ്റെടുക്കലിനെതിരെ ശക്തിപ്രാപിച്ചു വരുന്ന പ്രതിഷേധം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടി ഏറ്റുപിടിച്ചതോടെ പദ്ധതിയുടെ ഭാവി ആശങ്കയിലായിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ സിംഗൂരില്‍ ടാറ്റയ്ക്കു വേണ്ടിയുള്ള ഭൂമിയേറ്റെടുപ്പും ഒഡീഷയിലെ ജഗത്സിങ്പൂരില്‍ ദക്ഷിണ കൊറിയന്‍ ഉരുക്കു കമ്പനിയായ പോസ്‌കോയ്ക്കു വേണ്ടിയുള്ള ഭൂമിയേറ്റെടുപ്പും ശക്തമായ പ്രാദേശിക പ്രതിഷേധം മൂലം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപങ്ങളായിരുന്നു ഇവ. സൗദി അരാംകോയുടെ പദ്ധതിക്കും ഈ ഗതി വരുമോ എന്നതാണ് ഇപ്പോള്‍ ആശങ്ക. 

ഈ മേഖലയില്‍ പ്രബല പാര്‍ട്ടിയായ ശിവ സേനയാണ് പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. നിര്‍ദിഷ്ട പദ്ധതി പ്രദേശത്ത് ഏതാനും ദിവസം മുമ്പ് ശിവസേന കൂറ്റന്‍ റാലി നടത്തി. ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനെതിരെ ബിജെപിക്ക് ശക്തമായ മുന്നറിയിപ്പാണ് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ നല്‍കിയത്. ഈ പ്രദേശത്ത് നിന്ന് ഒരിഞ്ചു ഭൂമി പോലും ഏറ്റെടുക്കാന്‍ ബിജെപി സര്‍ക്കാരിനെ അനുവദിക്കില്ലെന്നും പദ്ധതി തീരദേശ ജില്ലയില്‍ നിന്ന് വിദര്‍ഭ മേഖലയിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും എന്‍സിപിയും ഈ കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച സംയുക്ത കമ്പനിയായ രത്നഗിരി റിഫൈനറി ആന്റ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇവിടെ ലോകത്തെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ സമുച്ചയം നിര്‍മിക്കുന്നത്. ഈ കമ്പനിയുടെ 50 ശതമാനം ഓഹരികളും സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോ ഏപ്രില്‍ 11-നാണ് സ്വന്തമാക്കിയത്. ഇന്ത്യയില്‍ ഒരു സൗദി കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്.

Latest News