അഗര്‍ത്തല- അടിക്കടി അസംബന്ധവും പരിഹാസ്യവുമായ പ്രസ്താവനകള്‍ നടത്തി വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ത്രിപുരയിലെ ബിജെപി സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദല്‍ഹിക്കു വിളിപ്പിച്ചതായി റിപ്പോര്‍ട്ട്. മോഡിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും കാണാന്‍ മേയ് രണ്ടിന് ദല്‍ഹിയിലെത്താന്‍ ദേബിനോട് ആവശ്യപ്പെട്ടതായി ഒരു മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. കഴിഞ്ഞ മാസം ത്രിപുരയിലെ പ്രഥമ ബിജെപി മുഖ്യമന്ത്രിയായി അധികാരമേറ്റ് ബിപ്ലബ് ദേബ് തുടര്‍ച്ചയായി വിവാദ പ്രസ്താവനകള്‍ നടത്തി രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.
മഹാഭാരത കാലത്തു തന്നെ ഇന്റര്‍നെറ്റും സാറ്റലൈറ്റ് ആശയവിനിമയ സംവിധാനങ്ങളും ഉണ്ടെന്നായിരുന്നു ഈയിടെ അദ്ദേഹം പറഞ്ഞിരുന്നു. 1997-ല്‍ ലോക സുരി പട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ മോഡല്‍ ഡയാന ഹൈഡന് അതിനുള്ള യോഗ്യത ഉണ്ടായിരുന്നില്ലെന്നും ഐശ്വര്യ റായിയാണ് ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ പ്രതീകമെന്നും അദ്ദേഹം പറഞ്ഞത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ്. ഇതു മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് സിവില്‍ സര്‍വീസ്് സിവില്‍ എഞ്ചിനീയര്‍മാര്‍ തെരഞ്ഞെടുത്താല്‍ മതിയെന്നും മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരെ സിവില്‍ സര്‍വീന് ആവശ്യമില്ലെന്നും ബിപ്ലബ് ദേബ് പ്രസംഗിക്കുന്ന വീഡിയോ പുറത്തു വന്നത്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത് വിദ്യാഭ്യാസമുള്ള യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്കു പിറകെ നടക്കാതെ പാന്‍ ഷോപ്പ് തുറന്നോ പശുക്കളെ മേച്ചോ സ്വന്തമായി ജോലി കണ്ടെത്തണമെന്നായിരുന്നു.
ബിപ്ലബ് ദേബ് തോന്നിയതെല്ലാം വിളിച്ചു പറയുകയാണെന്നും ഇതു സംബന്ധിച്ച് പ്രധാനമന്ത്രി മോഡി അദ്ദേഹവുമായി സംസാരിക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു. ബിജെപി നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മസാല നല്‍കരുതെന്ന് ഈയിടെ മോഡി നിര്‍ദേശം നല്‍കിയിരുന്നു.