അബുദാബി- രൂപയുടെ മൂല്യത്തകര്‍ച്ച ശക്തമായതോടെ നാട്ടിലേക്കുള്ള പണമൊഴുക്കില്‍ വര്‍ധനയന്നു മണി എക്‌സ്‌ചേഞ്ചുകള്‍. 25 ശതമാനത്തോളമാണ് വര്‍ധന. ശമ്പളം കിട്ടിയ സമയമായതിനാല്‍ പണം അയക്കാന്‍ എത്തിയവരെകൊണ്ട് ധനവിനിമയ സ്ഥാപനങ്ങളില്‍ തിരക്കേറി.
ഒരു യു.എ.ഇ ദിര്‍ഹത്തിന് ഇന്നലെ രാജ്യാന്തര വിപണി നിരക്ക് 22.55 രൂപയായിരുന്നു. സൗദി റിയാല്‍ 22.03, ഖത്തര്‍ റിയാല്‍ 22.75, ഒമാന്‍ റിയാല്‍ 214.21, ബഹ്‌റൈന്‍ ദിനാര്‍ 218.52, കുവൈത്ത് ദിനാര്‍ 266.03 രൂപ എന്നിങ്ങനെയായിരുന്നു മറ്റു ഗള്‍ഫ് കറന്‍സി വിനിമയ നിരക്ക്.
എന്നാല്‍ ഈ നിരക്കിനെക്കാള്‍ 20-35 പൈസ വരെ കുറച്ചാണു വിവിധ ധനവിനിമയ സ്ഥാപനങ്ങള്‍ അതതു രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്. സര്‍വീസ് ചാര്‍ജിനു പുറമേ ഓരോ എക്‌സ്‌ചേഞ്ചുകളുടെയും ലാഭ വിഹിതത്തിലെ ഏറ്റക്കുറച്ചിലാണു നിരക്കു വ്യത്യാസത്തില്‍ പ്രകടമാകുന്നത്.
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ യു.എസ് പലിശ നിരക്കു കൂട്ടുമോ എന്ന ആശങ്കയും ഒപെക് രാജ്യങ്ങള്‍ പ്രതിദിന എണ്ണ ഉല്‍പാദനം കുറച്ചതും രാജ്യാന്തര വിപണിയില്‍ രൂപക്ക് തിരിച്ചടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.