മംഗളൂരു- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചീറ്റപ്പുലി പദ്ധതിയെ പരിഹസിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ ആക്ടീവിസ്റ്റിനെ അറസ്റ്റ് ചെയ്തത് കര്‍ണാടകയില്‍ വിവദമായി. അധികാരത്തിലിരിക്കുന്നവരെക്കുറിച്ച് പറയരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണോയെന്ന് പ്രതിപക്ഷ നേതാക്കള്‍ ചോദിച്ചു.
ഫേസ് ബുക്ക് പോസ്റ്റിനെ കുറിച്ച് ഒരു സ്ത്രീ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മംഗളൂരുവിലെ ആക്ടീവിസ്റ്റ് സുനില്‍ ബാജിലക്കേരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
ഒക്‌ടോബര്‍ മൂന്നിന് ഫേസ്ബുക്ക് പോസ്റ്റില്‍ സുനില്‍ ബാജിലക്കേരി ചീറ്റയുടെ മുഖമുള്ള ഗര്‍ഭിണിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു. കഴിഞ്ഞ മാസം നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിയ എട്ട് ചീറ്റപ്പുലികളില്‍ ഒന്നിന്റെ 'ബേബി ഷവര്‍' എപ്പോഴാണെന്ന് അദ്ദേഹം ചോദിച്ചു. ചീറ്റ ഗര്‍ഭിണിയാണെന്ന ഊഹാപോഹത്തെയാണ് അദ്ദേഹം പരാമര്‍ശിച്ചത്. പിന്നീട് അത് തെറ്റാണെന്ന് തെളിഞ്ഞിരുന്നു.
പോസ്റ്റ് സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും ഇത് സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാക്കുമെന്നും ആരോപിച്ച് യെടപദാവ് സ്വദേശിയായ സ്ത്രീ യാണ് ബജിലക്കേരിക്കെതിരെ പരാതി നല്‍കിയത്.
പോലീസ് ബജിലക്കേരിക്ക് നോട്ടീസ് നല്‍കാന്‍ പോയപ്പോള്‍ ബില്ലവ സമുദായ നേതാവ് നോട്ടീസ് കീറി പ്രതിഷേധിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥനെ ഡ്യൂട്ടിയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ക്രിമിനല്‍ ബലപ്രയോഗത്തിനും കേസെടുത്തു. എന്നാല്‍ ശനിയാഴ്ച മജിസ്‌ട്രേറ്റ് ബാജിലക്കേരിക്ക് ജാമ്യം അനുവദിച്ചു.
നേരത്തെ സംഘ് പരിവാര്‍ പ്രവര്‍ത്തകനായിരുന്ന സുനില്‍ പിന്നീട് ബി.ജെ.പിയുടെ വിമര്‍ശകനായി മാറിയിരുന്നു. ഹിന്ദുത്വയില്‍ നിന്ന് മനുഷ്യബന്ധങ്ങളിലേക്ക് എന്ന പേരില്‍ ഇദ്ദേഹം സംഘടിപ്പിച്ച് പരിപാടി ശ്രദ്ധേയമാകുകയും ചെയ്തു.
സാധാരണക്കാര്‍ സൈബര്‍ പോലീസില്‍ പരാതിയുമായി ചെന്നാല്‍ മണിക്കൂറുകളോളം ഇരുത്തുകയാണ് പതിവെന്ന് ഡി.വൈ.എഫ്.ഐ കര്‍ണാടക പ്രസിഡന്റ് മുനീര്‍ കാട്ടിപ്പള്ള ആരോപിച്ചു.
സാധാരണയായി ക്രിമിനല്‍ കേസുകളിലാണ് ഇത്തരം അറസ്റ്റുകള്‍ നടക്കാറുള്ളത്. അധികാരത്തിലിരിക്കുന്നവരെക്കുറിച്ച് പറയരുതെന്ന മുന്നറിയിപ്പാണ് ബൊമ്മെ സര്‍ക്കാര്‍ നല്‍കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.