ഗുജറാത്തില്‍ ജയ് ശ്രീറാം വിളിച്ച് കെജ് രിവാളിന്റെ മറുപടി, കംസന്റെ സന്തതികളെ ഇല്ലാതാക്കും

അഹമ്മദാബാദ്- താന്‍ ജന്മാഷ്ടമി ദിനത്തിലാണ് ജനിച്ചതെന്നും കംസനെന്ന രാക്ഷസന്റെ പിന്‍ഗാമികളെ ഇല്ലാതാക്കാന്‍ ദൈവം തനിക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ടെന്നും ദല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ഉയര്‍ന്നുവന്ന ഹിന്ദു വിരുദ്ധന്‍ എന്ന പോസ്റ്ററുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിലെ വഡോദരയില്‍ ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) പരിപാടിയില്‍ 'ജയ് ശ്രീറാം' എന്ന് വിളിച്ച കെജ്‌രിവാള്‍, പോസ്റ്ററുകളിലും ബാനറുകളിലും ദൈവത്തെ അപമാനിക്കുന്ന വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും അത്തരം വാക്കുകള്‍ ഉപയോഗിച്ചവരോട് ഗുജറാത്തിലെ ജനങ്ങള്‍ ക്ഷമിക്കില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ഞാന്‍ കൃഷ്ണ ജന്മാഷ്ടമി ദിനത്തിലാണ് ജനിച്ചതെന്ന് അവരോട് പറയാന്‍ ആഗ്രഹിക്കുന്നു. ദൈവം എന്നെ ഒരു പ്രത്യേക ദൗത്യത്തിനായി അയച്ചിരിക്കയാണ്.  കംസന്റെ ഈ സന്തതികളെ ഇല്ലാതാക്കാനും പൊതുജനങ്ങളെ അഴിമതിയില്‍ നിന്നും ഗുണ്ടകളില്‍ നിന്നും മോചിപ്പിക്കാനും- കെജ്‌രിവാള്‍ പറഞ്ഞു.
ദൈവത്തിന്റെ ആഗ്രഹം നിറവേറ്റാന്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ദൈവം എന്നോടൊപ്പമുണ്ട്. ആളുകള്‍ എന്നോടൊപ്പമുണ്ട്. ആളുകള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു, അതിനാലാണ് അവര്‍ ഇത്രയധികം അസ്വസ്ഥരായത്- ദല്‍ഹി മുഖ്യമന്ത്രി തന്റെ പുതിയ തെരഞ്ഞെടുപ്പ് സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം പറഞ്ഞു.
അഹമ്മദാബാദ്, രാജ്‌കോട്ട്, സൂറത്ത്, വഡോദര നഗരങ്ങളില്‍ കെജ് രിവാളിനെ 'ഹിന്ദു വിരുദ്ധന്‍' എന്ന് വിളിക്കുകയും തൊപ്പി ധരിക്കുകയും ചെയ്ത ബാനറുകള്‍ ശനിയാഴ്ച പ്രത്യക്ഷപ്പെട്ടിരുന്നു.

 

Latest News