പട്‌ന- ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ ആക്രമണം നിരന്തരം തുടരുന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെയും ആക്രമണം കടുപ്പിച്ചു. ഒമ്പതാം ക്ലാസ്സുകാരനായ മുഖ്യമന്ത്രി മോഹിയെന്നാണ് തേജസ്വിയെ പ്രശാന്ത് വിശേഷിപ്പിച്ചത്.
ജന്‍ സൂരജ് കാമ്പെയ്‌നിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം യാത്ര നടത്തുന്ന കിഷോര്‍, വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ധനൗജി ഗ്രാമത്തില്‍ സ്ത്രീകളുമായി സംസാരിക്കവേയാണ് ഇപ്രകാരം പറഞ്ഞത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതിന് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വലിയ മാറ്റം വരണമെന്ന് അദ്ദേഹം പറഞ്ഞു. 'ലാലുജിയുടെ മകന്‍ ഒമ്പതാം ക്ലാസ് വരെ പഠിച്ചു, അവന്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ മകന്‍ ഒന്‍പതാം ക്ലാസ് വരെ പഠിച്ചിട്ടുണ്ടെങ്കില്‍, അയാള്‍ക്ക് ഒരു പ്യൂണ്‍ ജോലിപോലും ലഭിക്കില്ല- അദ്ദേഹം പറഞ്ഞു.
ഒരു എം.എല്‍.എക്കോ എം.പിക്കോ അവരുടെ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും നല്ല ജോലി ലഭിക്കാന്‍ സഹായിക്കാന്‍ കഴിയുമെങ്കിലും സാധാരണക്കാര്‍ വിധിയുടെ കാരുണ്യത്തിലായിരിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.