മുംബൈ- ശിവസേനയുടെ അമ്പും വില്ലും ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷന്‍ താത്കാലികമായി മരവിപ്പിച്ചു. ചിഹ്നത്തില്‍ അവകാശവാദം ഉന്നയിച്ച് ഉദ്ധവ് താക്കറെ വിഭാഗവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗവും നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
അന്ധേരി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനം. ഇതോടെ, അന്ധേരി ഈസ്റ്റില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെ പക്ഷത്തിന് പുതിയ ചിഹ്നം ഉപയോഗിക്കേണ്ടി വരും. ഉപതെരഞ്ഞെടുപ്പില്‍ ഇരുവിഭാഗവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ശിച്ചിട്ടുള്ള ചിഹ്നങ്ങളില്‍ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കേണ്ടി വരും.
ഇരുകൂട്ടരോടും പുതിയ പേര് തെരഞ്ഞെടുക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളെ യഥാര്‍ഥ ശിവസേനയായി അംഗീകരിക്കണമെന്നാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സംഘം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഔദ്യോഗിക ചിഹ്നം തങ്ങളുടേതാണെന്നായിരുന്നു ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ വാദം.