കലിഫോര്‍ണിയ- കലിഫോര്‍ണിയയിലെ മെഴ്‌സെഡ് കൗണ്ടിയില്‍ നാല് ഇന്ത്യക്കാര്‍ മരിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കുടുംബത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ജീസസ് മാനുവല്‍ സല്‍ഗാഡോ (48)യുടെ സഹോദരന്‍ ആല്‍ബെര്‍ട്ടോ സല്‍ഗാഡോയാണ് അറസ്റ്റിലായത്. കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പഞ്ചാബിലെ ഹോഷിയാര്‍പുര്‍ സ്വദേശികളായ ജസ്ദീപ് സിംഗ് (36), ഭാര്യ ജസ്‌ലീന്‍ കൗര്‍ (27), ഇവരുടെ എട്ടു മാസം പ്രായമുള്ള കുഞ്ഞ് അരോഹ് ധാരി ബന്ധുവായ അമന്‍ദീപ് സിംഗ് (39) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. മെഴ്‌സ്ഡ് കൗണ്ടിയില്‍ ഇന്‍ഡ്യാന റോഡിന് സമീപമുള്ള തോട്ടത്തില്‍നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യക്ക് ശ്രമിച്ച ജീസസ് സല്‍ഗാഡോ പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലായിരുന്ന സല്‍ഗാഡോക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ സല്‍ഗാഡോ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.