നാഗ്പൂര്‍-ഉര്‍ദുവിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ടുതന്നെ അതതു സംസ്ഥാനങ്ങളിലെ പ്രധാന ഭാഷയെ കൂടി പരിഗണിക്കണമെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ ഉണര്‍ത്തി. കേരളത്തെ ഇതിനു മാതൃകയായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. വിദര്‍ഭ മുസ്‌ലിം ഇന്റലക്ച്വല്‍ ഫോറം സംഘടിപ്പിച്ച 'ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് മുമ്പുള്ള പ്രശ്‌നങ്ങള്‍' എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു ഭാഗമാണെങ്കിലും തങ്ങള്‍ക്ക് അര്‍ഹമായ വിഹിതം ലഭിക്കുന്നില്ലെന്ന മുസ്ലീം സമുദായത്തിന്റെ പരാതി ന്യായമാണ്. ഇത് യാഥാര്‍ത്ഥ്യമാണ്. അര്‍ഹമായ വിഹിതം എങ്ങനെ നേടാം എന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ നടക്കേണ്ടതുണ്ട്. സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഉര്‍ദു ഉപയോഗിക്കണമെന്ന് ഉയര്‍ന്നുവന്ന നിര്‍ദേശത്തോടാണ് സംസ്ഥാനങ്ങളിലെ പ്രധാന ഭാഷയെ കൂടി പരിഗണിക്കണമെന്ന് പവര്‍ ആവശ്യപ്പെട്ടത്.
തലമുറകളായി ബന്ധപ്പെടുന്ന ഭാഷയാണ് ഉറുദു. നമ്മള്‍ ഉറുദു സ്‌കൂളുകളും വിദ്യാഭ്യാസവും പരിഗണിക്കണം. എന്നാല്‍ ഉറുദുവിനൊപ്പം ഒരു സംസ്ഥാനത്തിന്റെ പ്രധാന ഭാഷയെ കൂടി പരിഗണിക്കേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള കേരളത്തില്‍
ന്യൂനപക്ഷങ്ങള്‍ എങ്ങനെയാണ് പ്രധാന ഭാഷയ്ക്ക് പിന്തുണ നല്‍കുന്നതെന്നും ഇതില്‍ നിന്ന് എന്ത് നേട്ടമാണ് ലഭിക്കുന്നതെന്നും പഠിക്കേണ്ടതുണ്ടെന്നും പവാര്‍ പറഞ്ഞു.
രാജ്യത്തെ എല്ലാ സമുദായങ്ങളിലും തൊഴിലില്ലായ്മ പ്രശ്‌നമാണെന്നും ന്യൂനപക്ഷങ്ങളുടെ ഈ രംഗത്തെ പരാതികള്‍ യഥാര്‍ത്ഥമാണെന്നും അത് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം സമുദായത്തിന് കല, കവിത, തുടങ്ങിയ മേഖലകളില്‍ ഉര്‍ദുവിലൂടെ വലിയ സംഭാവന നല്‍കാന്‍ കഴിയും. സമുദായ അംഗങ്ങള്‍ക്ക് ഗുണമേന്മയും ശേഷിയും ഉണ്ടെങ്കിലും പിന്തുണയും തുല്യ അവസരവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കാന്‍ എന്‍.സി.പി എല്ലായ്‌പ്പോഴും ശ്രമിച്ചിരുന്നുവെന്നും പാര്‍ട്ടിയുടെ എട്ട് പാര്‍ലമെന്റംഗങ്ങളില്‍ രണ്ടുപേര്‍ മുസ്ലിംകളാണെന്നും പവാര്‍ പറഞ്ഞു.