Sorry, you need to enable JavaScript to visit this website.

സൈന്യത്തിലേക്ക് വരുന്ന മലയാളി ഉദ്യോഗാർഥികൾ അച്ചടക്കമുള്ളവരെന്ന് മേജർ പി.രമേശ്


കോഴിക്കോട് - സൈന്യത്തിലേക്ക് വരുന്ന മലയാളികളായ ഉദ്യോഗാർഥികൾ ഏറെ അച്ചടക്കമുള്ളവരും സൈന്യത്തോട് താൽപര്യമുള്ളവരുമാണെന്ന് മിലിട്ടറി ബാംഗ്ലൂർ റിക്രൂട്ടിംഗ് സോൺ എ.ഡി.ജി മേജർ പി.രമേശ് പറഞ്ഞു.
കോഴിക്കോട് നടക്കുന്ന അഗ്‌നിപഥ് പദ്ധതിയിലെ കേരളത്തിലെ ആദ്യ റിക്രൂട്ട്‌മെന്റ് റാലിക്കെത്തിയതായിരുന്നു എ.ഡി.ജി. പാലക്കാട്  മുതൽ കാസർകോട് വരെയുള്ള ഏഴു ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായുള്ള, കഴിഞ്ഞ ഒന്നിന് തുടങ്ങിയ റാലി നടക്കുന്ന ഈസ്റ്റ്ഹിൽ ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിൽ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
ഏറെ വിവാദമുണ്ടാക്കിയ അഗ്‌നി പഥ്, പ്രായോഗിക തലത്തിലേക്ക് വരുമ്പോൾ കേരളത്തിലെ ആദ്യത്തെ റിക്രൂട്ട്‌മെന്റ് റാലിയെക്കുറിച്ചും മറ്റും മനസ്സ് തുറക്കുകയാണദ്ദേഹം.
ഏഴുദിവസം പിന്നിടുന്ന റിക്രൂട്ട്‌മെന്റ് റാലിയെക്കുറിച്ച്?
$ കേരളത്തിൽ നിന്ന് നല്ല പ്രതി കരണമാണ് ഈ റിക്രൂട്ട്‌മെന്റ് റാലിക്ക് ലഭിക്കുന്നത്. എല്ലാ ജില്ലകളിൽ നിന്നുമായി ഏകദേശം 54000 ആളുകളാണ് അപേക്ഷിച്ചത്. ഇതിൽ കോഴിക്കോട് 28,741 പേരും  തിരുവനന്തപുരം റിജ്യണലിൽ 25,367 പേരുമാണ് അപേക്ഷ നൽകിയത്. കോഴിക്കോട്ടെ റിക്രൂട്ട്‌മെന്റ് റാലി ഒരാഴ്ച പിന്നിട്ടുമ്പോൾ 70 ശതമാനത്തിലധികം ആളുകൾ എത്തിക്കഴിഞ്ഞിട്ടുണ്ട്. ഏറെ സുതാര്യതയോടെ കാര്യങ്ങൾ നടത്തുവാനുള്ള എല്ലാവിധ  തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ മൂന്നാമത്തെ  അഗ്‌നിപഥ് റാലിയാണിത്.
കേരളത്തിലെ മറ്റു ജില്ലകളിലെ അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് എന്നായിരിക്കും നടക്കുക?
$ ബാംഗ്ലൂർ സോണൽ റിക്രൂട്ട്‌മെന്റ് ഓഫീസിന് കീഴിലെ കോഴിക്കോട് എ.ആർ.ഒയാണ് ഈ റാലി നടത്തിയത്. നവംബർ അവസാനത്തിൽ തിരുവനന്തപുരം എ.ആർ.ഒ കൊല്ലത്ത് റാലി നടത്തുന്നുണ്ട്. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള അടുത്ത ഏഴ് ജില്ലകളിലെ റിക്രൂട്ട്‌മെന്റ് റാലി അവിടെ വെച്ചാണ് നടക്കുക. കൂടാതെ നഴ്‌സിംഗ് അസിസ്റ്റന്റ്, റിലീജ്യസ് ടീച്ചർ പോലുള്ള കേരളത്തിൽ നിന്നുള്ളവർക്കായുള്ള റിക്രൂട്ട്‌മെന്റ് റാലിയും കൊല്ലത്തു വെച്ച് തന്നെ നടക്കും.
കേരളത്തിലെ ആദ്യത്തെ റാലി എന്ന നിലക്ക് ഇതുവരെ നടന്നതിനെക്കുറിച്ചുള്ള വിലയിരുത്തലെന്താണ്?
$ മെഡിക്കലീ  ഫിറ്റ് ആയ 705 പേരെ ഇതുവരെ ഷോർട്ട് ലിസ്റ്റ് ചെയ്തു കഴിഞ്ഞു. 624 പേരെ മെഡിക്കൽ റീകോളിംഗിനായി കൊച്ചി നേവൽ ബേസിലെ മൃതസഞ്ജീവനി ആശുപത്രിയിലേക്കയച്ചിട്ടുണ്ട്. ഇവരിൽ നിന്ന് ഫിറ്റായി കണ്ടെത്തുന്ന ഏതാനും പേരെ കൂടി ഷോർട്ട് ലിസ്റ്റിലേക്ക് കൊണ്ടുവരും. ഇവർക്കായി 2023 ജനുവരിയിൽ എഴുത്തു പരീക്ഷ നടത്തും. അതിൽ കൂടി മികവ് പുലർത്തുന്നവരെ മറ്റ് നടപടിക്രമങ്ങൾ പൂർത്തിയായാലുടനെ അടുത്ത വർഷം മാർച്ചോടുകൂടി പരിശീലനത്തിനയക്കും.
കേരളത്തിൽ നിന്ന് ധാരാളം വനിതകൾ അപേക്ഷിച്ചിട്ടുണ്ടെന്നറിയുന്നു?
$ കേരളം, മാഹി, ലക്ഷദ്വീപ് അടക്കമുളളിടങ്ങളിൽ നിന്ന് 10, 960 വനിതകളാണ് അഗ്‌നിപഥിലേക്ക് രജിസ്ട്രർ ചെയ്തിരിക്കുന്നത്. ഇവർക്കായി നവംബർ 1, 2, 3 തീയതികളിൽ ബാംഗ്ലൂരിൽ വെച്ച് തന്നെ റിക്രൂട്ട്‌മെന്റ് റാലി നടക്കും. 
അഗ്‌നി പഥിനു നേരെ ഏറെ പ്രതിഷേധമുണ്ടായതാണല്ലോ, അത് അപേക്ഷയിൽ പ്രതിഫലിച്ചിട്ടുണ്ടോ?
$ അങ്ങനെ തോന്നുന്നില്ല. രണ്ട് കൊല്ലമായി കോവിഡ് കാരണം റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ല. അത് കൊണ്ട് മുൻവർഷത്തേതുമായി താരതമ്യം ചെയ്യാൻ കഴിയില്ല. എങ്കിലും വനിതകളിൽ നിന്നടക്കം നല്ല പ്രതികരണമാണ്.
അഗ്‌നി പഥിനെതിരെ പ്രതിഷേധിച്ചവരെ, പരിഗണിക്കില്ലെന്ന് മുൻപ് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നു?
$ നോട്ടിഫിക്കേഷൻ സമയത്ത് തന്നെ നമ്മൾ അഗ്‌നി പഥിനെതിരെയുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടില്ലെന്ന സത്യപ്രസ്താവന ഉദ്യോഗാർഥിയോട് വാങ്ങുന്നുണ്ട്. ഇവരെ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ നിന്ന് ഇത്തരം കേസുകളിൽപ്പെട്ടിട്ടില്ലെന്ന ക്ലിയറൻസ് കിട്ടിയാലേ ഇവരെ അന്തിമമായി തെരഞ്ഞെടുക്കുകയുള്ളൂ.

Latest News