ലണ്ടന്‍- വിസ കാലാവധി കഴിഞ്ഞ് ബ്രിട്ടനില്‍ അനധികൃതമായി താമസിക്കുന്നവരില്‍ ഇന്ത്യക്കാരാണ് കൂടുതലെന്ന് യു.കെ. ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാന്റെ അവകാശവാദത്തോട് പ്രതികരിച്ച് ഇന്ത്യ.
മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് (എംഎംപി) മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും കരാര്‍ പ്രകാരം ഉന്നയിക്കപ്പെട്ട എല്ലാ കേസുകളിലും ഇന്ത്യ നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറയിച്ചു.
കഴിഞ്ഞ വര്‍ഷം ഒപ്പിട്ട എംഎംപി പ്രകാരം യു.കെ സര്‍ക്കാരില്‍നിന്നുള്ള ചില പ്രതിബദ്ധതകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് സുല്ല ബ്രാവര്‍മാന്റെ വെളിപ്പെടുത്തലിനെ കുറിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പറഞ്ഞു.
വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവരില്‍ കൂടുതല്‍ പേര്‍ ഇന്ത്യക്കാരരാണെന്ന് ദ സ്‌പെക്ടേറ്ററിനു നല്‍കിയ അഭിമുഖത്തിലാണ് ബ്രാവര്‍മാന്‍ പറഞ്ഞിരുന്നത്. അഭിമുഖത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ചില പ്രതിബദ്ധതകളില്‍ ഇന്ത്യ പ്രകടമായ പുരോഗതിക്കായി കാത്തിരിക്കുന്നുവെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മറുപടി നല്‍കി.
യുകെയില്‍ വിസ കാലാവധി കഴിഞ്ഞ ഇന്ത്യന്‍ പൗരന്മാരുടെ തിരിച്ചു പോക്ക് സുഗമമാക്കുന്നതിന് യുകെ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്- ഹൈക്കമ്മീഷന്‍ പറഞ്ഞു. ഹൈക്കമ്മീഷനിലേക്ക് റഫര്‍ ചെയ്ത എല്ലാ കേസുകളിലും നടപടി ആരംഭിച്ചിട്ടുണ്ട്. മൊബിലിറ്റി, മൈഗ്രേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ നിലവില്‍ ചര്‍ച്ചയിലാണെങ്കിലും, ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ ഈ കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇപ്പോള്‍ ഉചിതമാകില്ലെന്നും ഏത് ക്രമീകരണത്തിലും ഇരുപക്ഷത്തിനും താല്‍പ്പര്യമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുമെന്നും ഹൈക്കമ്മീഷന്‍ പറഞ്ഞു.
കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ വംശജയായ മന്ത്രി സുല്ല ബ്രാവര്‍മാന്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ചുമതലയേറ്റത്.