ന്യൂദല്‍ഹി- കര്‍ണാടക തെരഞ്ഞെടുപ്പ് തിരക്കുകള്‍ കഴിഞ്ഞാലുടന്‍ കൈലാസ് മാനസസരോവരത്തിലേക്ക് തീര്‍ത്ഥയാത്ര പോകാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിനു പിന്നില്‍ ഒരു രഹസ്യമുണ്ട്. ഇന്ന ദല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ ആക്രോശ് റാലിയിലാണ് ആ രഹസ്യം രാഹുല്‍ വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച തന്റെ പ്രസംഗ ശേഷമാണ് തീര്‍ത്ഥയാത്രയും അതിനു കാരണവും രാഹുല്‍ അണികളോട് വിശദീകരിച്ചത്.
വ്യാഴാഴ്ച കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകുന്നതിനിടെ രാഹുല്‍ സഞ്ചരിച്ച ചെറുവിമാനം സാങ്കേതിക തകരാരിനെ തുടര്‍ന്ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയും ആകാശത്തു വച്ച് ഉലയുകയും ദുരന്തത്തിന്റെ വക്കിലെത്തുകയും ചെയ്തിരുന്നു. ഈ സമയത്ത് വിമാനത്തിലുണ്ടായിരുന്നവരെല്ലാം ഭയചകിതരായതായി രാഹുലിനൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് നേരത്തെ വെളിപ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും ഇതു ഇന്ന് രാഹുല്‍ സ്ഥിരീകരിച്ചു.
വിമാനം പൊടുന്നനെ 8000 അടിയിലേക്ക് കൂപ്പുകുത്തിയ സമയത്ത് ഞാന്‍ കൊല്ലപ്പെടുകയാണെന്ന് ഉറപ്പിച്ചിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. ഈ സമയത്താണ് കൈലാസ് മാനസരോവരം സന്ദര്‍ശിക്കണം എന്ന കാര്യം എന്റെ ഉള്ളില്‍ തെളിഞ്ഞത്-രാഹുല്‍ അണികളോട് പറഞ്ഞു. കര്‍ണാടക തെരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ കൈലാസ യാത്രയ്ക്കായി 10-15 ദിവസത്തേക്ക് എനിക്കു നിങ്ങള്‍ ലീവ് തരണമെന്നും രാഹുല്‍ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. രാഹുല്‍ ആരാധിക്കുന്ന ദൈവമായ ശിവന്റെ ഗേഹമായാണ് തിബറ്റിലെ കൈലാസ് മാനസരോവര്‍ അറിയപ്പെടുന്നത്.