തിരുവനന്തപുരം- ലോക കേരള സഭയുടെ ഭാഗമായുളള യൂറോപ്പ് , യു.കെ മേഖലാസമ്മേളനം ഞായറാഴ്ച ലണ്ടനില്‍ നടക്കും. ലണ്ടനിലെ സെന്റ് ജെയിംസ് കോര്‍ട്ട് ഹോട്ടലില്‍ ചേരുന്ന മേഖലാ സമ്മേളനം രാവിലെ ഒമ്പതി ന് ( ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1. 30 ന്) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ജൂണില്‍ തിരുവനന്തപുരത്തു ചേര്‍ന്ന മൂന്നാം ലോക കേരള സഭയില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനോടോപ്പം ലോക കേരള സഭയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും ലക്ഷ്യമിട്ടാണ് സമ്മേളനം ചേരുന്നത്.
യൂറോപ്യന്‍ മേഖലയിലെ ലോക കേരള സഭാ അംഗങ്ങളും, വിവിധ തൊഴില്‍ മേഖലയില്‍ നിന്നുളള ക്ഷണിക്കപ്പെട്ട അതിഥികളും സമ്മേളനത്തില്‍ പങ്കെടുക്കും. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ കഴിവ് തെളിയിച്ച മലയാളികളും വിദ്യാര്‍ഥി പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരും ക്ഷണിതാക്കളാണ്.
നവകേരള നിര്‍മ്മാണം പ്രതീക്ഷകളും സാധ്യതകളും പ്രവാസികളുടെ പങ്കും, വെജ്ഞാനിക സമൂഹ നിര്‍മ്മിതിയും പ്രവാസ ലോകവും, ലോക കേരള സഭ പ്രവാസി സമൂഹവും സംഘടനകളും, യൂറോപ്യന്‍ കുടിയേറ്റം അനുഭവങ്ങളും വെല്ലുവിളികളും എന്നീ നാല് വിഷയങ്ങളില്‍ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കും.
ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ. രാമചന്ദ്രന്‍ ,
നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.കെ.രവി രാമന്‍, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഡോ.എം. അനിരുദ്ധന്‍, എന്നിവര്‍ യഥാക്രമം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.
മേഖല സമ്മേളനത്തോടനുബന്ധിച്ച് വിപുലമായ പ്രവാസി മലയാളി സമ്മേളനവും സംഘടിപ്പിക്കുന്നുണ്ട്. വൈകുന്നേരം നാലിന് (ഇന്ത്യന്‍ സമയം രാത്രി 8.30 ന് )നടക്കുന്ന പ്രവാസി പൊതുസമ്മേളനത്തെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അഭിസംബോധന ചെയ്യും.
മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ പി. രാജീവ്, വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ്ജ് , നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ഡെല്‍ഹിയിലെ സര്‍ക്കാര്‍ ഒ.എസ്.ഡി വേണു രാജാമണി,നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം. എ യൂസഫലി, ഡയറക്ടര്‍മാരായ രവി പിളള, ആസാദ് മൂപ്പന്‍, ഒ. വി മുസ്തഫ, സി.വി റപ്പായി, ജെ.കെ മേനോന്‍, സി.ഇ.ഒ. കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശരി എന്നിവരും പങ്കെടുക്കും.
ലോക കേരള സഭയുടെ നേതൃത്വത്തില്‍ പ്രവാസി സഹകരണവും ഇടപെടലുകളും വര്‍ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ടാണ് മേഖലാ സമ്മേളനങ്ങള്‍ ചേരുന്നത്. പ്രവാസികളുടെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക് പുറമേ വ്യത്യസ്ത ഭൂവിഭാഗങ്ങളിലുള്ളവരുടെ പ്രശ്ങ്ങള്‍കൂടി കേള്‍ക്കാനും
പരിഹരിക്കാനും ലക്ഷ്യം വച്ചു കൊണ്ടാണ് മേഖലാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇത്തരത്തിലുള്ള രണ്ടാമത്തെ സമ്മേളനമാണ് ലണ്ടനില്‍ നടക്കുന്നത്. ആദ്യ മേഖലാ സമ്മേളനം 2019 ല്‍ യുഎഇ ല്‍ നടന്നിരുന്നു.