ചെന്നൈ- കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി ചെന്നൈയിലെത്തിയ ശശി തരൂര്‍ നടത്തിയ യോഗത്തില്‍ പങ്കെടുത്തത് വെറും 12 പ്രതിനിധികള്‍ മാത്രം. 700ല്‍ അധികം വോട്ടുകളാണ് തമിഴ്‌നാട്ടില്‍നിന്നുള്ളത്. ഇവരുടെ പിന്തുണ തേടിയായിരുന്നു തരൂര്‍ യോഗം സംഘടിപ്പിച്ചത്. പാര്‍ട്ടിയുടെ ചെന്നൈയിലെ ആസ്ഥാനമായ സത്യമൂര്‍ത്തി ഭവനിലായിരുന്നു തരൂര്‍ എത്തിയത്. യോഗത്തില്‍ പങ്കെടുക്കാന്‍ ഭയപ്പെടുന്നവര്‍ക്ക് അത് വലിയ നഷ്ടമായിരിക്കും എന്നാണ് തരൂര്‍ പ്രതികരിച്ചത്. ഔദ്യോഗിക സ്ഥാനാര്‍ഥി ഇല്ലെന്നത് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഔദ്യോഗിക സ്ഥാനാര്‍ഥി എന്ന മിഥ്യാ ധാരണ തങ്ങള്‍ ഇല്ലാതാക്കുമെന്നും തരൂര്‍ ആവര്‍ത്തിച്ചു. സംസ്ഥാന നേതാക്കളെ ശാക്തീകരിക്കും. ശക്തമായ സംസ്ഥാന നേതൃത്വം കോണ്‍ഗ്രസിന് ശക്തമായ അടിതത്തറ നല്‍കുമെന്ന് തരൂര്‍ അവകാശപ്പെട്ടു
'ജവാഹര്‍ലാല്‍ നെഹ്‌റു ശക്തനായ പ്രധാനമന്ത്രിയായിരുന്ന 50കളിലും 60കളിലും തമിഴ്‌നാട്ടില്‍ കാമരാജ്, ബംഗാളില്‍ ബി.സി റോയി, അതുല്യ ഘോഷ്, മഹാരാഷ്ട്രയില്‍ എസ്.കെ പാട്ടീല്‍, വൈ.ബി ചവാന്‍, ഉത്തര്‍പ്രദേശില്‍ ഗോവിന്ദ് വല്ലഭ് പന്ത് തുടങ്ങിയ ശക്തരായ മുഖ്യമന്ത്രിമാരും സംസ്ഥാനങ്ങളും കോണ്‍ഗ്രസിനുണ്ടായിരുന്നു. ശക്തരായ സംസ്ഥാന നേതാക്കളുടെ എത്രയോ ഉദാഹരണങ്ങള്‍ നമുക്കുണ്ട്, ഇതെല്ലാം കോണ്‍ഗ്രസിന് നേട്ടമാണുണ്ടാക്കിയിട്ടുള്ളത്', തരൂര്‍ പറഞ്ഞു. ബി.ജെ.പിയിലെ മുന്‍ കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചുവിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് അഹമ്മദാബാദില്‍നിന്നു പ്രചാരണം ആരംഭിക്കും.