ന്യൂദല്‍ഹി- രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെതിരെ ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിന് ദേശീയ വനിതാ കമ്മീഷന്‍ (എന്‍.സി.ഡബ്ല്യു) നോട്ടീസ് അയച്ചു.മുന്‍ ലോക്‌സഭാ എം.പിയോട് ഒക്ടോബര്‍ 10ന് നേരിട്ട് ഹാജരാകാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ദ്രൗപതി മുര്‍മുജിയെ പോലുള്ള രാഷ്ട്രപതിയെ ഒരു രാജ്യത്തിനും ലഭിക്കരുതെന്നാണ് രാജ് ട്വീറ്റ് ചെയ്തിരുന്നത്.
ഗുജറാത്തിലെ 70 ശതമാനം ആളുകളും ഉപ്പ് കഴിക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. ഉപ്പ് മാത്രം കഴിച്ച് ജീവിക്കാന്‍ തുടങ്ങിയാല്‍ അപ്പോള്‍ കഥ അറിയാം. ചംചഗിരിക്കും (മുഖസ്തുതി) ഒരു അതിരുണ്ട്- രാജ് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
രാഷ്ട്രപതിക്കെതിരായ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതാവ് മാപ്പ് പറയണമെന്ന് എന്‍സിഡബ്ല്യു ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മ്മ പറഞ്ഞു.
കഠിനാധ്വാനം കൊണ്ട് ഈ സ്ഥാനത്ത് എത്തിയ ഒരു വനിതക്കെതിരായ അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ പ്രസ്താവനയാണിതെന്നും അപകീര്‍ത്തികരവും അപമാനകരവുമായ പ്രസ്താവനയ്ക്ക് അദ്ദേഹം മാപ്പ് പറയണമെന്നും നോട്ടീസ് അയക്കുകയാണെന്നും രേഖാ ശര്‍മ്മ ഒട്വീറ്റില്‍ പറഞ്ഞു.
അതേസമയം, രാഷ്ട്രപതിയെക്കുറിച്ചുള്ള തന്റെ പ്രസ്താവന വ്യക്തിപരമാണെന്നും പാര്‍ട്ടി കാഴ്ചപ്പാടല്ലെന്നും രാജ് പറഞ്ഞു.
പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ ഉയര്‍ന്ന പദവിയിലെത്തിയ ശേഷം സ്വന്തം സമുദായങ്ങളെ വിസ്മരിച്ച് മൗനം പാലിക്കുമ്പോള്‍ അത് ഹൃദയവേദനായാണ് സമ്മാനിക്കുന്നതെന്ന് രാജ് വീണ്ടും ട്വീറ്റ് ചെയ്തു.