ജിദ്ദ - പ്രവാസി വെൽഫെയർ വെസ്‌റ്റേൺ റീജിയണിന് കീഴിലുള്ള ശറഫിയ, മഹ്ജർ സംയുക്ത മേഖലാ സമ്മേളനം ജിദ്ദയിൽ നടന്നു. വെസ്‌റ്റേൺ റീജിയൻ ആക്ടിങ് പ്രസിഡന്റ് ഉമർ ഫാറൂഖ് പാലോട് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ ശബ്ദങ്ങളെയെല്ലാം അടിച്ചമർത്തി ഏകാധിപത്യ ഭരണം പൊതുജനത്തിന് മേൽ അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരിൽ ശക്തമായ പ്രതികരണങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന വിഭാവന ചെയ്യുന്ന നീതിയിലധിഷ്ഠിതമായ ഒരു രാഷ്ട്രനിർമിതിക്കായി പ്രവർത്തിക്കുക. ഇന്ത്യക്ക് ശോഭനമായ ഒരു ഭാവിയുണ്ട്. ഇന്നല്ലെങ്കിൽ നാളെ അത് പുലരുക തന്നെ ചെയ്യും. ഇതിനായി നാട്ടിൽ വെൽഫെയർ പാർട്ടി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾക്ക് ശക്തിപകരാൻ പ്രവാസി വെൽഫെയർ പ്രവർത്തകർ ആത്മാർത്ഥമായി പരിശ്രമിക്കണമെന്നും ഉമർ ഫാറൂഖ് പാലോട് ആവശ്യപ്പെട്ടു.
പ്രവാസി വെൽഫെയർ സൗദി അറേബ്യയുടെ പുതിയ ലോഗോ പ്രകാശനം വെസ്‌റ്റേൺ റീജിയൻ ജനറൽ സെക്രട്ടറി എം.പി അഷ്‌റഫ് നിർവഹിച്ചു. മഹ്ജർ മേഖല പ്രസിഡന്റ് ഷഫീഖ് മേലാറ്റൂർ അധ്യക്ഷത വഹിച്ചു. പുതുതായി പ്രവാസി വെൽഫെയർ സംഘടനയിൽ അംഗത്വം എടുത്ത യൂസഫ് സകരിയ, മുഹമ്മദ് സഫറുള്ള എന്നിവർക്ക് വെസ്‌റ്റേൺ റീജിയൻ കമ്മിറ്റി അംഗങ്ങളായ സലീഖത്ത്, തസ്ലീമ അഷ്‌റഫ് എന്നിവർ അംഗത്വ ഫോറം കൈമാറി.
സമ്മേളനത്തോടനുബന്ധിച്ച് കുട്ടികൾക്കായി സംഘടിപ്പിച്ച കളറിങ്, പെൻസിൽ ഡ്രോയിങ് മത്സരങ്ങളിൽ അഭിനവ് പ്രജിത്ത്, ദുആ ഇർഫാൻ, റിസാൽ ഷെഫിൻ (സബ് ജൂനിയർ), ഹാനിയ ഫാത്തിമ, ഇശൽ, ആരവ് ശ്യാം (ജൂനിയർ), മിൻഹാജ് അഷ്‌റഫ്, അമീൻ അഹമ്മദ്, രിഹാൻ (സീനിയർ) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. സ്ത്രീകൾക്കായി സംഘടിപ്പിച്ച ലെമൺ സ്പൂൺ മത്സരത്തിൽ തസ്‌ലീമ അഷ്‌റഫ്, സബിത ഇസ്മായിൽ, ഷാഹിന ആബിദ് എന്നിവരും ബാൾ പാസ്സിങ് മത്സരത്തിൽ റുബീന ജാസ്മിൻ, ശഹർബാൻ നൗഷാദ്, തസ്‌ലീമ അഷ്‌റഫ് എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ശബീബ് പാണ്ടിക്കാടിന്റെ നേതൃത്വത്തിൽ യൂത്ത് ഇന്ത്യ ഫ്രൈഡേ ക്ലബ് അവതരിപ്പിച്ച ദഫ്മുട്ട്, ഒപ്പന, സഫീന ജലീൽ, റഹ്മത്ത് നിസാർ, ഫസ്‌ല ഉമർ എന്നിവർ അണിയിച്ചൊരുക്കിയ കുട്ടികളുടെ ഒപ്പന എന്നിവ പരിപാടിയിൽ അരങ്ങേറി. ഗാനമേളയിൽ ഇസ്മായിൽ മക്ക, പ്രജിത്ത്, സുധീർ, സക്കീർ ഹുസൈൻ നുക്ലി, റമീസ്, സാദിഖലി തുവ്വൂർ, എൻ.കെ അഷ്‌റഫ്, കെ.എം അനീസ്, ത്വാഹ, ഫാത്തിമ നഷ, റൂഹി നജ്മുദ്ധീൻ, ആയിഷ നുബ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ശറഫിയ മേഖല പ്രസിഡന്റ് എം.വി അബ്ദുൽ റസാഖ് സ്വാഗതവും മഹ്ജർ മേഖല സെക്രട്ടറി തമീം അബ്ദുല്ല നന്ദിയും പറഞ്ഞു. നൗഷാദ് നിടോളി, കുട്ടി മുഹമ്മദ് കുട്ടി, നിസാർ ബേപ്പൂർ, ശിഹാബ് വേങ്ങര, ഷിഫാസ്, അബ്ദുൽ അസീസ് കൊണ്ടോത്ത്, ഹസീബ് എന്നിവർ നേതൃത്വം നൽകി.