Sorry, you need to enable JavaScript to visit this website.

ഇന്ത്യയും പാക്കിസ്ഥാനും റഷ്യയില്‍ നടക്കുന്ന സൈനികാഭ്യാസത്തില്‍ കൈകോര്‍ക്കും

ന്യൂദല്‍ഹി- സെപ്തംബറില്‍ റഷ്യയില്‍ നടക്കുന്ന ചൈന ഉള്‍പ്പെടെ വിവിധ ലോക രാജ്യങ്ങള്‍ അണിനിരക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ച് പങ്കെടുക്കും. ഇതാദ്യമായാണ് ബദ്ധവൈരികളായ ഇരുരാജ്യങ്ങളും സൈനികാഭ്യാസത്തിനായി ഒന്നിക്കുന്നത്. നാറ്റോയുടെ ബദലായി കാണപ്പെടുന്ന ഏഷ്യന്‍ സൈനിക കൂട്ടായ്മയായ ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷനു (എസ് സി ഒ) കീഴിലാണ് ഈ ഭീകരതാ വിരുദ്ധ സൈനികാഭ്യാസം നടക്കുന്നത്. റഷ്യയിലെ ഉറല്‍ പര്‍വ്വതനിരകളില്‍ നടക്കുന്ന സൈനിക ശക്തി പ്രകടനത്തില്‍ ഷാങ്ഹായ് കോര്‍പറേഷനിലെ ഏതാണ്ട് എല്ലാ അംഗരാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്.

അംഗരാജ്യങ്ങള്‍ തമ്മിലുള്ള ഭീകര വിരുദ്ധ സഹകരണം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സമാധാന ദൗത്യമാണ് സൈനിക പ്രകടനം. കഴിഞ്ഞയാഴ്ച ബെയ്ജിങില്‍ നടന്ന എസ് സി ഒ അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനു ശേഷം പ്രധിരോധമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇന്ത്യയുടെ പ്രാതിനിധ്യം സ്ഥിരീകരിച്ചത്. യുഎന്‍ സമാധാന സേനകളില്‍ ഇരുരാജ്യങ്ങളിലെ സൈനികരും ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയും പാക്കിസ്ഥാനും സ്വതന്ത്ര്യ രാജ്യങ്ങളായ ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളും ഒരുമിച്ച് സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്. 

റഷ്യ, ചൈന, കിര്‍ഗിസ് റിപ്പബ്ലിക്, കസാഖ്സ്ഥാന്‍, താജികിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ ചേര്‍ന്ന് ഷാങ്ഹായിയില്‍ 2001-ല്‍ ചേര്‍ന്ന ഉച്ചകോടിയിലാണ് എസ് സി ഒ രൂപീകരിച്ചത്. 2005-ല്‍ ഈ ഗ്രൂപ്പിലേക്ക് നിരീക്ഷകരായി ഇന്ത്യയേയും പാക്കിസ്ഥാനേയും ഉള്‍പ്പെടുത്തി. പിന്നീട് കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളേയും പുര്‍ണ അംഗങ്ങളായി അംഗീകരിച്ചു. റഷ്യയുടെ സമ്മര്‍ദ്ദ ഫലമായാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചതെങ്കില്‍ പാക്കിസ്ഥാനെ പിന്തുണച്ചത് ചൈനയാണ്. ലോക ജനസംഖ്യയുടെ 40 ശതമാനവും ആഗോള ജിഡിപിയുടെ 20 ശതമാനവും പ്രതിനിധീകരിക്കുന്നത് ഷാങ്ങായ് കോര്‍പറേഷന്‍ അംഗരാജ്യങ്ങളാണ്.
 

Latest News