ലിമ- ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പെറുവിലെ വടക്കന്‍ തീരദേശ മേഖലയില്‍ ലോക ചരിത്രത്തിലെ ഏറ്റവും വലിയ ബാല ബലിയുടെ ശേഷിപ്പുകള്‍ കണ്ടെത്തി. 550 വര്‍ഷങ്ങള്‍ക്കു മുമ്പ് ബലിക്കിരയായ 140 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങളാണ് പുരാവസ്തു ഗവേഷകര്‍ ഉദ്ഖനനത്തിനിടെ കണ്ടെത്തിയത്. അഞ്ചു വയസ്സിനും 14-നും ഇടയില്‍ പ്രായമായ കുട്ടികളുടേതാണ് ഈ മൃതദേഹങ്ങളെന്നും ഗവേഷകര്‍ പറയുന്നു. ഇതോടൊപ്പം വളര്‍ത്തു മൃഗമായ 200 യാമാസ് കുട്ടികളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുരാതന ചിമു നാഗരികതയുടെ കേന്ദ്രവും ലോകപൈതൃക സ്ഥലവുമായ ചാന്‍ ചാനിനടുത്ത ജനവാസ മേഖലയിലാണ് ഈ കണ്ടെത്തല്‍. ഇവിടുത്തെ ലാസ് യാമാസ് എന്നറിയപ്പെടുന്ന ബലി സ്ഥലത്ത് അടക്കം ചെയ്യപ്പെട്ട നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹങ്ങള്‍. പുരാതന കാലത്ത് ദൈവപ്രീതിക്കു വേണ്ടി ആചാര പ്രകാരം നടത്തിയ ബലിയായിരിക്കാം ഇതെന്നാണ് ചരിത്രഗവേഷകരുടെ വിലയിരുത്തല്‍. എഴുതപ്പെട്ട ചരിത്രത്തില്‍ ഇതുവരെ കുട്ടികള്‍ ഇരയാക്കപ്പെട്ട ഇത്ര വലിയ കൂട്ടബലിയുടെ ചരിത്രമില്ല.
നാഷണല്‍ ജ്യോഗ്രഫികിന്റെ സഹായത്തോടെ യുണിവേഴ്‌സിറ്റി ഓഫ് ത്‌റുഖിയോ, തുലാനെ യുണീവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പുരാവസ്തു ഗവേഷകരുടെ നേതൃത്വത്തിലാണ് ഇവിടെ ഉദ്ഖനനം നടത്തിയത്. ചാന്‍ ചാനില്‍ നിന്ന് കുട്ടികളെ കൂട്ടമായി ലാസ് യാമാസില്‍ എത്തിച്ച് ബലി നടത്തിയതായാണ് ലഭ്യമായ തെളിവുകളില്‍ നിന്ന് മനസ്സിലാകുന്നതെന്ന് ഉദ്ഖനനത്തിന് നേതൃത്വം നല്‍കിയ ഗബ്രിയേല്‍ പിയെതോ പറയുന്നു. കാലങ്ങളെ അതിജീവിച്ച കാല്‍പ്പാടുകളും അസ്ഥികളും ഗവേഷകര്‍ കണ്ടെത്തി.
കുട്ടികളുടെ മാറിടത്തെ അസ്ഥികള്‍ കുത്തേറ്റ പാടുകളുണ്ട്. വാരിയെല്ലുകള്‍ തകര്‍ന്നിട്ടുമുണ്ട്. കുട്ടികളെ കൊലപ്പെടുത്തി മാറു പിളര്‍ന്ന് ഹൃദയം പറിച്ചെടുത്തതാകാനിടയുണ്ടെന്നും ഗവേഷണ സംഘത്തിലെ ജോണ്‍ വെറാനോ പറയുന്നു.
അമേരിക്കന്‍ ഭൂഖണ്ഡത്തിലെ മായന്‍, ഇന്‍ക, അസ്‌ടെക് തുടങ്ങിയ വിവിധ നാഗരികതകളുടെ കാലങ്ങളില്‍ മനുഷ്യ ബലി ആചരിച്ചിരുന്നതായി ചരിത്രം പറയുന്നു. എന്നാല്‍ കുട്ടികളെ ഇത്തരത്തില്‍ കൂട്ട ബലിക്കിരയാക്കിയതിന് ഇതു വരെ ഒരു ചരിത്ര രേഖയിലും തെളിവില്ല.