ന്യൂദല്‍ഹി- ഹരിയാന ആസ്ഥാനമായുള്ള ഒരു സ്ഥാപനം നിര്‍മ്മിച്ച നാല് മരുന്നുകള്‍ ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണമായതായി ലോകാരോഗ്യ സംഘടന. മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ചുമ സിറപ്പുകളില്‍ വിഷാംശമുള്ള ഡൈതലീന്‍ ഗ്ലൈക്കോളും എഥിലീന്‍ ഗ്ലൈക്കോളും അടങ്ങിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ഇന്ന് പ്രഖ്യാപിച്ചു.
ഈ നാല് മരുന്നുകള്‍ കുട്ടികളില്‍ 'സജീവമായ വൃക്ക ക്ഷതം' ഉണ്ടാക്കിയതായി ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. 'ഡബ്ല്യുഎച്ച്ഒ കമ്പനിയുമായും ഇന്ത്യയിലെ റെഗുലേറ്ററി അധികാരികളുമായും ബന്ധപ്പെട്ട് അന്വേഷണം നടത്തുകയാണെന്നും ഗെബ്രിയേസസ് കൂട്ടിച്ചേര്‍ത്തു.
പ്രോമെതസൈന്‍ ഓറല്‍ സൊല്യൂഷന്‍, കോഫെക്‌സ്മാലിന്‍ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എന്‍ കോള്‍ഡ് സിറപ്പ് എന്നിവയാണ് നാല് ഉല്‍പ്പന്നങ്ങള്‍. 'ഈ നാല് ഉല്‍പ്പന്നങ്ങള്‍ അപകടകരമാണെന്ന് ഗാംബിയയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്, അനൗപചാരിക വിപണികളിലൂടെ മറ്റ് രാജ്യങ്ങളിലേക്കോ പ്രദേശങ്ങളിലേക്കോ ഇത് വിതരണം ചെയ്തിരിക്കാമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
മുകളില്‍ പറഞ്ഞ നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമല്ല, അവയുടെ ഉപയോഗം, പ്രത്യേകിച്ച് കുട്ടികളില്‍, ഗുരുതരമായ പരിക്കുകളോ മരണമോ ഉണ്ടാക്കിയേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.