ന്യൂദൽഹി- രാജ്യത്ത് പല സുപ്രധാന രാഷ്ട്രീയ സാഹചര്യങ്ങളിലും ടൂർ പോയതിന് ഏറെ പഴികേട്ട രാഷ്ട്രീയ നേതാവാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പാർട്ടി അധ്യക്ഷപദവി ഏറ്റെടുക്കുന്നതിനു മുമ്പായിരുന്നു ഇതെല്ലാം. പലപ്പോഴും രാഹുൽ എങ്ങോട്ടാണ് പോയതെന്നോ എവിടെയാണെന്നോ പാർട്ടി നേതാക്കൾക്കു പോലും അറിയാതെ പ്രതിരോധത്തിലായ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. സ്വകാര്യ യാത്രകളെല്ലാം തീർത്തും വ്യക്തിപരമായാണ് രാഹുൽ കൈകാര്യം ചെയ്യാറുള്ളത്.
പതിവിൽ നിന്നു വിപരീതമായി ഇത്തവണ 'മുങ്ങാൻ' തീരുമാനിച്ച കാര്യം രാഹുൽ പരസ്യമായി പറയുകയും അതിനു പാർട്ടി അണികളുടെ അനുവാദം ചോദിക്കുകയും ചെയ്തു. ദൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച ജൻ ആക്രോശ് റാലിയിൽ തന്റെ അധ്യക്ഷ പ്രസംഗം കഴിഞ്ഞ ശേഷം മുതിർന്ന നേതാക്കൾക്ക് ഹസ്തദാനം നൽകി സീറ്റിൽ ഇരുന്നിടത്തു നിന്ന് വീണ്ടും തിരികെ പ്രസംഗപീഠത്തിലെത്തിയാണ് ഇക്കാര്യം രാഹുൽ പറഞ്ഞത്. എനിക്ക് നിങ്ങൾ ഒരു ചെറിയ അനുവാദം തരണമെന്നു പറഞ്ഞാണ് രാഹുൽ തുടങ്ങിയത്. കർണാടക തെരഞ്ഞെടുപ്പിനു ശേഷം കൈലസ് മാനസരോവർ യാത്ര നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ഒരു 10-15 ദിവസത്തേക്ക് എനിക്ക് ലീവ് തരണമെന്നും രാംലീല മൈതാനത്ത് തടിച്ചു കൂടിയ കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ പരസ്യമായി ആവശ്യപ്പെടുകയായിരുന്നു. വലിയെ ആരവത്തോടെ സദസ്സ് രാഹുലിന് സമ്മതം മൂളുകയും ചെയ്തു.
ആദ്യമായാണ് സ്വകാര്യ യാത്രയ്ക്ക് രാഹുൽ പാർട്ടി അണികളുടെ അനുവാദം ചോദിക്കുന്നത്. ആരോടും പറയാതെ മുങ്ങുന്ന ശീലത്തിൽ നിന്നും രാഹുലിന്റെ മാറ്റമായി ഇതിനെ കാണാനാകുമോ?