ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച ജൻ ആക്രോശ് റാലിക്ക് ദൽഹി രാംലീല മൈതാനത്ത് തുടക്കമായി. സർക്കാർ എതിർ ശബ്ദങ്ങളെ അടിച്ചമർത്തുകയാണെന്ന് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി പറഞ്ഞു. ഈ സർക്കാരിന്റെ കാലത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചിരിക്കുകയാണെന്നും കുറ്റവാളികളെ സർക്കാർ തന്നെ സംരക്ഷിക്കുമ്പോൾ ചെറിയ പെൺകുട്ടികൾക്കു പോലും രക്ഷയില്ലാതായിരിക്കുന്നുവെന്നും സോണിയ ആരോപിച്ചു. യുവജനങ്ങൾക്ക് വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടില്ല. മോഡി ചതിച്ചെന്ന് ഇവർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സോണിയ പറഞ്ഞു.
ബിജെപി സർക്കാരിന്റ ഭരണത്തിൽ എല്ലാ വിഭാഗം ജനങ്ങളും ദുരിതം നേരിട്ടുവരികയാണ്. ബലാൽസംഗക്കേസ് പ്രതികൾ സംരക്ഷിക്കപ്പെടുന്നു, കർഷകർ നഷ്ടം താങ്ങാനാവാതെ ആത്മഹത്യ ചെയ്യുന്നു. ബിജെപി ഒന്നും ചെയ്യാതെ നോക്കി നിൽക്കുകയാണെന്നും അവർ പറഞ്ഞു.