അഗര്‍ത്തല- തന്റെ മുന്‍കാല സഹപ്രവര്‍ത്തകനായ ബംഗാളിലെ ബിജെപി നേതാവിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് ത്രിപുര ഗവര്‍ണര്‍ തഥാഗത റോയ് മുഖ്യമന്ത്രി ബിപ്ലബ് ദേബിനയച്ച കത്ത് വിവാദമായി. ബിജെപിയില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച സുഹൃത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ സര്‍വാദമന്‍ റായ് സര്‍ക്കാര്‍ ജോലിക്ക് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ജോലിക്ക് പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് മാര്‍ച്ച് 14-നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്്. ബംഗാള്‍ രാഷ്ട്രീയത്തില്‍ 90കളില്‍ ബിജെപിക്കു വേണ്ടി ദീര്‍ഘകാലം ഒരുമിച്ച് പ്രവര്‍ത്തിച്ച കാര്യവും ഗവര്‍ണര്‍ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്്. കൂടാതെ മാര്‍ച്ച് ഒമ്പതിന് ത്രിപുരയില്‍ ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ഇക്കാര്യം പറഞ്ഞിരുന്ന കാര്യം ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഗവര്‍ണറുടെ വിവാദ കത്ത് മാര്‍ച്ച് 23-നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചത്.
കഴിഞ്ഞ ദിവസം ഒരു ബംഗ്ല ദിനപത്രമാണ് ഈ വാര്‍ത്ത പുറത്തു കൊണ്ടു വന്നത്്. ഇതോടെ പ്രതിപക്ഷമായ സിപിഎം പ്രതിഷേധവുമായി രംഗത്തെത്തി. വിവാദമായതിനു തൊട്ടുപിന്നാലെ ഈ കത്ത്് താന്‍ എഴുതിയത് തന്നെയാണെന്ന് വ്യക്തമാക്കി ഗവര്‍ണറും രംഗത്തെത്തി. ഇതു രഹസ്യ കത്തായിരുന്നില്ലെന്നും ന്യായമായ ആവശ്യത്തിനു വേണ്ടിയായിരുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
എന്നാല്‍ ഈ കത്തിനെ കുറിച്ച് വ്യക്തിപരമായി അറിയില്ലെന്നാണ് ഗവര്‍ണറുടെ സെക്രട്ടറി സമര്‍ജിത്ത് ഭൗമിക് പറഞ്ഞത്. ഓഫീസ് അവധി ആയതിനാല്‍ ഇതുസംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ് സ്‌പെഷ്യന്‍ ഡ്യൂട്ടി സഞ്ജയ് മിശ്രയും പറഞ്ഞു. ബിജെപി ത്രിപുര നേതൃത്വവും ഇതു സംബന്ധിച്ചു പ്രതികരിച്ചിട്ടില്ല. തഥാഗത റോയ് ഗവര്‍ണറായല്ല പ്രവര്‍ത്തിക്കുന്നതെന്നും ബിജെപിക്കാരനായാണെന്നും പ്രതിപക്ഷം ആരോപിച്ചു.