പ്രയാഗ്‌രാജ്- ഉത്തര്‍പ്രദേശില്‍ ഫീസ് വര്‍ധനക്കെതിരെ പ്രക്ഷോഭ രംഗത്തുള്ള അലഹബാദ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രഥാന്റേയും കോലം കത്തിച്ചു. ബിരുദ കോഴ്‌സുകള്‍ക്ക് ഏകദേശം 400 ഇരട്ടിവരെയാണ് ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
വിജയദശമി ദിനത്തില്‍ പ്രതിഷേധ സൂചകമായാണ് മോഡി, പ്രഥാന്‍, വൈസ് ചാന്‍സലര്‍ സംഗീത ശ്രീവാസ്തവ എന്നിവരുടെ കോലം കത്തിച്ചതെന്ന് വിദ്യാര്‍ഥി യൂനിയന്‍ വൈസ് പ്രസിഡണ്ട് അഖിലേഷ് യാദവ് പറഞ്ഞു. 30 ദിവസമായി തുടരുന്ന നിരാഹാര സമരം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് യാദവ് പറഞ്ഞു.
ഫീസ് വര്‍ധിപ്പിച്ച രീതി ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അതുകൊണ്ടാണ് കോലം കത്തിച്ചതെന്നും അലഹബാദ് യൂനിവേഴ്‌സിറ്റിയിലെ ആള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി മനീഷ് കുമാര്‍ പറഞ്ഞു.