കലബുര്‍ഗി- രാവണന്റെ കോലം കത്തിച്ചാല്‍ രാമന്റെ കോലം കത്തിക്കുമെന്ന് ദലിത് സേന മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് കര്‍ണാടകയിലെ കലബുര്‍ഗി ജില്ലയില്‍ അതീവജാഗ്രത. വിജയ ദശമി ആഘോഷത്തിനിടെയാണ് രാവണ ദഹന പരിപാടി നടക്കാറുള്ളത്. രാവണന്റെ കോലം കത്തിച്ചുകൊണ്ടുള്ള ആഘോഷം അനുവദിക്കില്ലെന്നാണ് ദലിതുകളുടെ മുന്നറിയിപ്പ്.
കലബുര്‍ഗിയിലെ അപ്പ ജാത്ര ഗ്രൗണ്ടില്‍ 50 അടി ഉയരുമുളള രാവണന്റെ കോലം കത്തിക്കാനാണ് ഹിന്ദു സംഘടനകള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്.
അധികൃതരുടെ അനുമതിയില്ലാതെയാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന് ദലിത് സംഘടനകള്‍ ആരോപിച്ചു. രാവണന്റെ കോലം കത്തിക്കാനുള്ള നീക്കവുമായി ഹിന്ദു പ്രവര്‍ത്തകര്‍ മുന്നോട്ടു പോയാല്‍ രാമന്റെ കോലം കത്തിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
ദലിതുകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് രാവണന്റെ കോലം കത്തിക്കാനുള്ള നീക്കം ഹിന്ദു സംഘടനകള്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.