സോള്‍- ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തി വരുന്ന കേന്ദ്രം മേയില്‍ അടച്ചുപൂട്ടുമെന്ന്് കിം ജോങ് ഉന്‍ വാഗ്ദാനം നല്‍കിയിട്ടുണ്ടെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍. ഇതു കാണാനായി ദക്ഷിണ കൊറിയയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള വിദഗ്ധര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഉത്തര കൊറിയ വാതില്‍ തുറക്കുമെന്നും ഉന്‍ പറഞ്ഞതായി മൂണിന്റെ വാക്താവ് അറിയിച്ചു. ഇരു കൊറിയകളുടേയും രാഷ്ട്രത്തലവന്‍മാര്‍ വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഉന്‍ ഇക്കാര്യം അറിയിച്ചത്.
കൊറിയകളെ പരിപൂര്‍ണമായി ആണവനിരായുധീകരിക്കാന്‍ തീരുമാനമെടുത്താണ് വെളളിയാഴ്ച നടന്ന ഉച്ചകോടി സമാപിച്ചത്. ഇരു കൊറിയകളും തമ്മിലുള്ള യുദ്ധത്തിന് പൂര്‍ണവിരാമമിടുന്നതിനുള്ള സാമാധാന കരാര്‍ ഒപ്പിടാന്‍ ഇരു രാജ്യങ്ങളും തയാറായിട്ടുണ്ട്.
2015ല്‍ നടപ്പിലാക്കിയ പുതിയ ടൈം സോണ്‍ ഇല്ലാതാക്കാനും ഉത്തര കൊറിയ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ദക്ഷിണ കൊറിയന്‍ സമയത്തിനു അര മണിക്കൂര്‍ പിന്നിലാണ് ഉത്തര കൊറിയന്‍ സമയം. ഇത് ഏകീകരിച്ച് വീണ്ടും ഒറ്റസമയമാക്കാനും ഉത്തര കൊറിയ തയാറായിട്ടുണ്ട്.