നാസിക്- രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് സർക്കാർ നയം ആവശ്യമാണെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞു. അത്തരം ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ രാജ്യം തകരുമെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ ടിമോർ, കൊസോവോ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങൾ തകരാൻ കാരണം ജനസംഖ്യയിലെ മതങ്ങൾ തമ്മിലുള്ള അസന്തുലിതാവസ്ഥയാണെന്നും ആർ.എസ്.എസിന്റെ വാർഷിക ദസറ റാലിയിൽ സംസാരിക്കവെ ഭാഗവത് വ്യക്തമാക്കി. സമാന രീതിയാണ് ഇന്ത്യയെയും കാത്തിരിക്കുന്നത്.
'ജനസംഖ്യാ നിയന്ത്രണത്തിനൊപ്പം, മതപരമായ അടിസ്ഥാനത്തിലുള്ള ജനസംഖ്യാ സന്തുലിതാവസ്ഥയും പ്രാധാന്യമുള്ള കാര്യമാണ്, അത് അവഗണിക്കാൻ കഴിയില്ല. ജനസംഖ്യയ്ക്ക് വിഭവങ്ങൾ ആവശ്യമാണ്. വിഭവങ്ങൾ കെട്ടിപ്പടുക്കാതെ അത് വളരുകയാണെങ്കിൽ രാജ്യത്തിന് ഭാരമാകും. 'ജനസംഖ്യയെ ഒരു സ്വത്തായി കണക്കാക്കുന്ന മറ്റൊരു കാഴ്ചപ്പാടുണ്ട്. രണ്ട് വശങ്ങളും മനസ്സിൽ വെച്ചുകൊണ്ടുവേണം ജനസംഖ്യാ നയത്തെ രൂപപ്പെടുത്തേണ്ടത്. മതപരമായ അസന്തുലിതാവസ്ഥയുടെ പ്രധാന കാരണങ്ങളിലൊന്ന് ജനനനിരക്കിലെ വർധനവാണ്. ബലപ്രയോഗത്തിലൂടെയോ, പ്രലോഭനത്തിലൂടെയോ അത്യാഗ്രഹത്തിലൂടെയോ ഉള്ള മതപരിവർത്തനങ്ങളും നുഴഞ്ഞുകയറ്റവും അസന്തുലിതാവസ്ഥക്ക് കാരണമാണ്.
പാർട്ടി അംഗങ്ങളും ആർ.എസ്.എസ് നേതാക്കളും ആവർത്തിച്ച് നിർദ്ദേശിച്ചിട്ടും ജനസംഖ്യാ നിയന്ത്രണ നിയമം എന്ന ആശയത്തോട് ബി.ജെ.പി ഇതേവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.