ഗോരഖ്പുര്‍- ജനങ്ങളെ സേവിക്കാന്‍ ഇനിയും അവസരം ലഭിക്കുമെന്ന ശുഭപ്രതീക്ഷയോടെ ഡോ. കഫീല്‍ ഖാന്‍. എട്ടു മാസത്തെ ജയില്‍വാസത്തിനുശേഷം വീട്ടിലെത്തിയ അദ്ദേഹം ഗോരഖ്പുര്‍ ജയിലിലെ ദുരവസ്ഥയും വിവരിച്ചു. 800 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ജയിലില്‍ 2000 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ആശ്രയിച്ചിരിക്കുന്നു തന്റെ ഭാവി പദ്ധതികളെന്ന് ഡോ. കഫീല്‍ ഖാന്‍ പറഞ്ഞു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചാല്‍ വീണ്ടും ആശുപത്രിയില്‍ ജോലിക്ക് ചേര്‍ന്ന് ജനങ്ങള്‍ക്കുള്ള സേവനം തുടരും.
ഒരു പിതാവിന്റേയും ഡോക്ടറുടേയും യഥാര്‍ഥ രാജ്യസ്‌നേഹിയുടേയും ദൗത്യമാണ് താന്‍ നിര്‍വഹിച്ചതെന്ന് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തെ കുറിച്ച് കഫീല്‍ ഖാന്‍ വിശദീകരിച്ചു. കുട്ടികളെ ചികിത്സിക്കുകയായിരുന്നു തന്റെ ജോലി. ഓക്‌സിജന്‍ സിലിണ്ടറുകള്‍ തീരുന്നുവെന്ന് മനസ്സിലാക്കിയാണ് അവ സംഘടപ്പിക്കാന്‍ അധിക ജോലി ചെയ്തത്.
മാനസികമായും ശാരീരികമായും തളര്‍ച്ച ബാധിച്ചിട്ടുണ്ട്. പക്ഷെ, എട്ട് മാസത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തി ഉറ്റവരോടൊപ്പം വീണ്ടും കഴിയാന്‍ സാധിച്ചതില്‍ ആശ്വാസമുണ്ടെന്നും ജാമ്യം ലഭിച്ച് വീട്ടിലെത്തിയ കഫീല്‍ ഖാന്‍ പറഞ്ഞു.