ചണ്ഡീഗഢ്- കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂരിന് പാക്കിസ്ഥാൻ വിസ നിഷേധിച്ചു. വിസ ലഭിക്കാത്തതിനെ തുടർന്ന് ശിഹാബ് വാഗ അതിർത്തിയിൽ കഴിഞ്ഞ പതിനഞ്ചു ദിവസമായി കഴിയുകയാണ്. വിസ നിഷേധിച്ചതിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ ജൂണിൽ മലപ്പുറത്ത് നിന്നാണ് ശിഹാബ് കാൽനടയായി ഹജിന് പുറപ്പെട്ടത്. ഇന്ത്യാ-പാക് അതിർത്തിയിൽ എത്തിയാൽ ഉടൻ വിസ നൽകാമെന്ന് ദൽഹിയിലെ പാക്കിസ്താൻ എംബസി ഉറപ്പു നൽകിയിരുന്നു. എന്നാൽ ശിഹാബ് വാഗ അതിർത്തിയിൽ എത്തിയതിന് പിന്നാലെ വിസ നൽകാനാകില്ലെന്ന് പാക്കിസ്ഥാൻ അറിയിക്കുകയായിരുന്നു. വാഗ അതിർത്തിയിൽ നിന്ന് പാക്കിസ്താൻ, ഇറാൻ, ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശിക്കാനായിരുന്നു പദ്ധതി. ചൈന വഴി യാത്ര തുടരാനുള്ള നീക്കം നടക്കുന്നുണ്ട്. എന്നാൽ, ചൈനയിലെ കാലാവസ്ഥ ഏറെ പ്രതികൂലമാണ്.