ന്യൂദല്‍ഹി- ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ മടക്കി അയച്ചത് വിവാദമായ സാഹചര്യത്തില്‍ അടുത്തയാഴ്ച സുപ്രീംകോടതി കൊളീജിയം യോഗം ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയടങ്ങുന്ന അഞ്ചംഗ കൊളീജിയം ബുധനാഴ്ച യോഗം ചേരുമെന്നാണ് സൂചന. കൊളീജിയം യോഗം ചേരുന്ന കാര്യം വെള്ളിയാഴ്ച തന്നെ മറ്റു നാലംഗങ്ങളെയും അറിയിച്ചു. വാരാന്ത്യഅവധിയും തിങ്കളാഴ്ചത്തെ ബുദ്ധ പൂര്‍ണിമയും കഴിഞ്ഞ് ഇനി ചൊവ്വാഴ്ചയാണ് കോടതി തുറക്കുക. ബുധനാഴ്ച നടക്കുന്ന കൊളീജിയത്തിന്റെ ഔദ്യോഗിക അജണ്ട അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തിട്ടില്ലെങ്കിലും ജസ്റ്റിസ് ജോസഫിന്റെ ശുപാര്‍ശ മടക്കി അയച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയാണ് യോഗത്തില്‍ ചര്‍ച്ചയാവുക.
ജസ്റ്റിസ് ജോസഫിന് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കണമെന്ന കൊളീജിയത്തിന്റെ ശുപാര്‍ശ അകാരണമായി മടക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ കൊളീജിയം വിളിച്ചു ചേര്‍ത്ത് ഉചിതമായ തീരുമാനം എടുക്കാന്‍ ചീഫ് ജസ്റ്റിസിനുമേല്‍ സമ്മര്‍ദമേറിയിരുന്നു. സുപ്രീംകോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസുമാരടക്കം രാജ്യത്തെ പ്രമുഖ നിയമ വിദഗ്ധരെല്ലാം കൊളീജിയം വിളിച്ച് ചേര്‍ക്കാന്‍ തയ്യാറാവാത്ത ചീഫ് ജസ്റ്റിസിന്റെ നടപടിക്കെതിരെയും കൊളീജിയത്തിന്റെ ശുപാര്‍ശ തള്ളിയ കേന്ദ്ര സര്‍ക്കാരിനെതിരെയും കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തെത്തിയിരുന്നു. 2016ല്‍ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് ഭരണത്തെ അട്ടിമറിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ മോഡി സര്‍ക്കാരിന്റെ നടപടി റദ്ദാക്കിയ കെ.എം ജോസഫിന്റെ ഉത്തരവാണ് അദ്ദേഹത്തിന്റെ നിയമനത്തെ കേന്ദ്രം എതിര്‍ക്കുന്നതെന്നാണ് ആക്ഷേപം.
കെ.എം ജോസഫിന്റെ നിയമനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തിന്റെ പകര്‍പ്പുകള്‍ വെള്ളിയാഴ്ച കൊളീജിയത്തിലെ മറ്റു നാലംഗങ്ങള്‍ക്കും ചീഫ് ജസ്റ്റിസ് കൈമാറിയിരുന്നു.
കേന്ദ്ര നിയമ മന്ത്രാലയം ബുധനാഴ്ച ചീഫ് ജസ്റ്റിസിന് കൈമാറിയ കത്തിന്റെ പകര്‍പ്പ്, സുപ്രീംകോടതി ജഡ്ജിയാക്കാനായി കൊളീജിയം ശുപാര്‍ശ ചെയ്ത ഇന്ദു മല്‍ഹോത്ര വെള്ളിയാഴ്ച ജഡ്ജിയായി സത്യ പ്രതിജ്ഞ ചെയ്തതിന് ശേഷമാണ് മറ്റു അംഗങ്ങള്‍ക്ക് കൈമാറിയിരുന്നത്.
കെ.എം ജോസഫിന്റെ പേര് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മടക്കിയയച്ച ശുപാര്‍ശ കൊളീജിയം വീണ്ടു സര്‍ക്കാരിന് തന്നെ തിരിച്ചയക്കാനാണ് സാധ്യത. ചീഫ് ജസ്റ്റിസ് അടക്കം കൊളീജിയത്തിലെ അഞ്ചംഗങ്ങളും ഏകകണ്ഠമായാണ് ജനുവരിയില്‍ കെ.എം ജോസഫിന്റെയും ഇന്ദു മല്‍ഹോത്രയുടെയും പേര് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തിരുന്നത്. കൊളീജിയത്തിലെ എല്ലാ അംഗങ്ങളും ഐകകണ്‌ഠ്യേന വീണ്ടും ഇത് തിരിച്ചയച്ചാല്‍, കേന്ദ്രസര്‍ക്കാരിന് അത് വീണ്ടും മടക്കി അയക്കാനാവില്ല. എന്നാല്‍, ഇത് ഒരു സമയബന്ധിതമായ നടപടി അല്ലാത്തതിനാല്‍ കേന്ദ്രത്തിന് ഇത് എത്ര കാലം വേണമെങ്കിലും വൈകിപ്പിക്കാനാവും. അതു വഴി അദ്ദേഹത്തിന്റെ നിയമനം നീട്ടിക്കൊണ്ടുപോകാവുന്നതാണ്.