Sorry, you need to enable JavaScript to visit this website.

കെ.എസ്.ആര്‍.ടി.സിയില്‍ സ്ഥിരം  പ്രശ്‌നക്കാരായ ആയിരത്തോളം ജീവനക്കാര്‍

തിരുവനന്തപുരം-  യാത്രക്കാരോട് മോശമായി പെരുമാറുന്ന കണ്ടക്ടര്‍മാര്‍, മറ്റുവാഹനങ്ങള്‍ ഓടിക്കുന്നവരെ ഭയപ്പെടുത്തി നിരത്തില്‍ അക്രമം കാട്ടുന്ന ഡ്രൈവര്‍മാര്‍, രാഷ്ട്രീയ പിന്‍ബലത്തില്‍ യാത്രക്കാരോട് ധാര്‍ഷ്ട്യം കാണിക്കുന്നവര്‍, മേലുദ്യോഗസ്ഥരെ അംഗീകരിക്കാത്തവര്‍- ഇങ്ങനെ സ്ഥിരംപ്രശ്‌നക്കാരായ ആയിരത്തോളം ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സി.യിലുണ്ട്. ഇവരെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് അധികൃതര്‍.
എല്ലാ ഡിപ്പോകളിലും സ്ഥിരം പ്രശ്‌നക്കാരുണ്ട്. നല്ലരീതിയില്‍ ഇടപെടുന്ന ഭൂരിപക്ഷം ജീവനക്കാര്‍ക്കും പേരുദോഷം ഉണ്ടാക്കുന്നത് ഇവരുടെ പ്രവൃത്തികളാണ്. 26,500 ജീവനക്കാരുള്ള സ്ഥാപനത്തില്‍ 3.5 ശതമാനത്തില്‍ താഴെയാണ് പ്രശ്‌നക്കാരെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ സ്ഥാപനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്.
പരിശീലനം നല്‍കി നല്ലവഴിക്ക് നടത്തുക, അല്ലെങ്കില്‍ അച്ചടക്കനടപടി സ്വീകരിക്കുക എന്നീ രണ്ടുമാര്‍ഗങ്ങളാണ് അധികൃതര്‍ക്ക് മുന്നിലുള്ളത്. പ്രശ്‌നക്കാരുടെ രാഷ്ട്രീയപശ്ചാത്തലം കടുത്ത അച്ചടക്കനടപടികള്‍ക്ക് തടസ്സമാകും. സ്വന്തം ദുര്‍ഗുണപരിഹാരപാഠശാലയായ സ്റ്റാഫ് ട്രെയിനിങ് കോളേജിലേക്കാണ് ജീവനക്കാരെ പരിശീലനത്തിന് അയക്കുന്നത്. അടുത്തിടെമാത്രമാണ് സിലബസ് കാലോചിതമായി പരിഷ്‌കരിച്ചത്. സ്വകാര്യപങ്കാളിത്തത്തോടെ പുറമേനിന്നുള്ള വിദഗ്ധരെയെത്തിച്ച് പരിശീലനം നല്‍കിയതും നേട്ടമുണ്ടായിട്ടില്ല.
െ്രെഡവര്‍മാര്‍ നിരത്തില്‍ കാണിക്കുന്ന അക്രമങ്ങള്‍ക്കെതിരേ കെ.എസ്.ആര്‍.ടി.സി.മേധാവി ബിജുപ്രഭാകര്‍തന്നെ രംഗത്തെത്തിയിരുന്നു. രേഖാമൂലം പരാതിപ്പെടാന്‍ പലരും തയ്യാറാകാത്തത് ഇവര്‍ക്ക് നേട്ടമാകുന്നു. തെളിവുകളുടെ അഭാവത്തിലും നടപടികള്‍ ഒഴിവാക്കപ്പെടും. ഇത്തരക്കാരെ നിലവിലെ ഡ്യൂട്ടിയില്‍നിന്നും മാറ്റിനിര്‍ത്തിയതുകൊണ്ട് ഫലമില്ല. ഇവരില്‍ ഭൂരിഭാഗവും ബസിലെ ഡ്യൂട്ടി ഒഴിവാക്കിക്കിട്ടാന്‍ ആഗ്രഹിക്കുന്നവരാണ്.
 

Latest News