ദുബായ്- ദുബായില്‍ പുതിയ വിസ ചട്ടം നിലവില്‍ വന്നു. ദുബായില്‍ ഇനി വിസ എടുക്കുന്ന നടപടി ക്രമങ്ങള്‍ അനായാസമാകും.
പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുന്ന തരത്തിലാണ് പുതിയ വിസ നടപടികള്‍. അഞ്ചു വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ റെസിഡന്റ് വിസയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. തൊഴിലുടമയോ സ്‌പോണ്‍സറോ ഇല്ലാതെ രാജ്യത്ത് തങ്ങാന്‍ സാധിക്കുന്ന ഒന്നാണ് ഗ്രീന്‍ വിസ. യു.എ.ഇ പാസ്‌പോര്‍ട്ടുകള്‍ പുത്തന്‍ രീതിയിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്. പുതിയ അത്യാധുനിക വിസാ സംവിധാനത്തിന് തുടക്കം കുറിക്കാന്‍ യു.എ.ഇ തയ്യാറായി കഴിഞ്ഞെന്ന് ഫൈഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി എന്നിവര്‍ അറിയിച്ചു.
വിസിറ്റ് വിസകള്‍ പല തരം
പല തരത്തിലുള്ള വിസിറ്റ് വിസകള്‍ ആണ് യു.എ.ഇ പുറത്തിറക്കിയിരിക്കുന്നത്. സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യമുള്ള വിസകള്‍ ലഭ്യമാണ്. 30 ദിവസത്തേക്കായിരുന്നു ആദ്യം വിസ അനുവദിച്ചിരുന്നെങ്കില്‍ ഇനി അത് 60 ദിവസം ആയിരിക്കും. അത്രയും സമയം രാജ്യത്ത് താമസിക്കാം. രാജ്യത്ത് താമസിച്ച് തന്നെ വിസ ദീര്‍ഘിപ്പിക്കാനും സാധിക്കും. ദുബായിലേക്ക് തൊഴില്‍ അന്വേഷിച്ച് വരുന്നവര്‍ക്ക് ഇനി സ്‌പോണ്‍സറുടെ ആവശ്യമില്ല. പ്രത്യേക വിസകള്‍ ആണ് ഇവര്‍ക്കായി അനുവദിക്കുക. രാജ്യത്തേക്ക് ജോലിക്കായി വരുന്നവര്‍ക്ക് മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം പട്ടിക പുറത്തു വിട്ടിട്ടുണ്ട്. അതനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന് സ്‌കില്‍ ലെവലുകളില്‍ വരുന്ന ജോലികള്‍ക്കാണ് ഇത്തരത്തിലുള്ള വിസ ലഭിക്കുക. കൂടാതെ മികച്ച 500 സര്‍വകലാശാലകളില്‍നിന്ന് പുറത്തിറങ്ങുന്ന തൊഴില്‍ പരിചയമില്ലാത്ത ബിരുദധാരികള്‍ക്ക് ജോലി കണ്ടെത്തുന്നതിന് വേണ്ടിയുള്ള വിസയും അനുവദിക്കും. അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്കും സ്‌പോണ്‍സര്‍ ആവശ്യമില്ല. ഇവര്‍ക്ക് 90 ദിവസം രാജ്യത്ത് തുടര്‍ച്ചയായി താമസിക്കാന്‍ സാധിക്കും. പിന്നീട് 90 ദിവസത്തേക്ക് കൂടി വിസ നീട്ടാന്‍ സാധിക്കും. എന്നാല്‍ ഒരു വര്‍ഷത്തില്‍ 180 ദിവസത്തില്‍ കൂടുതല്‍ ദുബായില്‍ താമസിക്കാന്‍ സാധിക്കില്ല. ഇത്തരം വിസക്ക് അപേക്ഷിക്കുന്നവര്‍ 4000 ഡോളറിന് തുല്യമായ ബാങ്ക് ബാലന്‍സ് ഉണ്ടെന്ന് അധികൃതരെ കാണിക്കണം.
ആണ്‍ മക്കളെ 25 വയസ് വരെ താമസിപ്പിക്കാം
ദുബായില്‍ താമസിക്കുന്ന ആളുകളുടെ ഫാമിലി സ്‌പോണ്‍സര്‍ഷിപ്പ് നിബന്ധനയിലും ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. ആണ്‍ മക്കളെ 25 വയസ് വരെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ കൂടെ താമസിപ്പിക്കാന്‍ സാധിക്കും. നേരത്തെ 18 വയസായിരുന്നു പ്രായ പരിധി. അതേസമയം, അവിവാഹിതരായ പെണ്‍മക്കളെ പ്രായപരിധിയില്ലാതെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ താമസിക്കാന്‍ സാധിക്കും. ഗ്രീന്‍ റെസിഡന്‍സ് എടുത്താല്‍ അടുത്ത ബന്ധുക്കളേയും സ്‌പോണ്‍സര്‍ഷിപ്പില്‍ കൊണ്ടുവരാന്‍ സാധിക്കും. ഗ്രേസ് പീരിഡ് സംബന്ധിച്ച ചില കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തിയിട്ടുണ്ട്. വിസയുടെ കാലാവധി കഴിഞ്ഞാല്‍ 30 ദിവസത്തിനകം രാജ്യം വിടണം എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഇപ്പോള്‍ ആറ് മാസത്തെ ഗ്രേസ് പീരിഡ് ലഭിക്കും. എന്നാല്‍ എല്ലാ തരത്തിലുള്ള വിസകള്‍ക്കും ഇത് ബാധകമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതുസംബന്ധിച്ച വിരവങ്ങള്‍ പുറത്തുവരാന്‍ ഇരിക്കുന്നതേയുള്ളു.
ഗോള്‍ഡന്‍ വിസ സംവിധാനത്തിലും മാറ്റം
ദുബായില്‍ ഗോള്‍ഡന്‍ വിസാ സംവിധാനത്തില്‍ ചില മാറ്റം വന്നിട്ടുണ്ട്. മിനിമം മാസ ശമ്പളം 50,000 ദിര്‍ഹത്തില്‍നിന്ന് 30,000 ദിര്‍ഹമാക്കി അധികൃതര്‍ കുറച്ചിട്ടുണ്ട്. കൂടാതെ ഗോള്‍ഡന്‍ വിസക്ക് അപേക്ഷിക്കുന്ന ചില കാറ്റകറികളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ജിനീയറിങ്, ബിസിനസ് ആന്റ് അഡ്മിനിസ്‌ട്രേഷന്‍, ഐടി, കള്‍ച്ചര്‍ ആന്റ് സോഷ്യല്‍ സയന്‍സ്, മെഡിസിന്‍, സയന്‍സ്, എജ്യുക്കേഷന്‍ തുടങ്ങിയ മേഖലകളില്‍നിന്നുള്ളവര്‍ക്ക് ഗോള്‍ഡന്‍ വിസക്ക് അപേക്ഷിക്കാന്‍ ഇനി സാധിക്കും. ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് പ്രായപരിധിയില്ല. ഗോള്‍ഡന്‍ വിസ ഉള്ളവര്‍ക്ക് മക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും. പ്രൊഫഷണലുകള്‍ക്ക് സ്‌പോണ്‍സര്‍ ആവശ്യമില്ലാതെ അഞ്ച് വര്‍ഷം യു.എ.ഇയില്‍ താമസിക്കാന്‍ സാധിക്കുന്ന വിസയാണ് ഗ്രീന്‍ വിസ. കുറഞ്ഞത് 15,000 ദിര്‍ഹം ശമ്പളവും ഉണ്ടായിരിക്കം. ഫ്രീലാന്‍സര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും ഈ വിസക്ക് അപേക്ഷിക്കാം.