കീവ്- റഷ്യന്‍ അധീനതയിലുള്ള രാജ്യത്തിന്റെ തെക്കന്‍ മേഖല ഉക്രൈന്‍ നിര്‍ണായക നീക്കത്തിലൂടെ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. യുദ്ധം ആരംഭിച്ച ശേഷം ഉക്രൈന്‍ തെക്കന്‍ പ്രവിശ്യയില്‍ നടത്തുന്ന ഏറ്റവും വലിയ മുന്നേറ്റമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ മേഖലയിലെ നിപ്രോ നദിക്കരയിലൂടെ അതിവേഗം നീങ്ങിയ ഉക്രൈന്‍ ടാങ്കുകള്‍ ആയിരത്തോളം വരുന്ന റഷ്യന്‍ സേനക്ക് കടുത്ത ഭീഷണിയുയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉക്രൈന്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഉക്രൈനിന്റെ ടാങ്കുകള്‍ ഉപയോഗിച്ചുള്ള ആക്രമണം നദിയുടെ പടിഞ്ഞാറന്‍ തീരത്തുകൂടി കിലോമീറ്ററുകളോളം നീങ്ങിയെന്നും നിരവധി ഗ്രാമങ്ങള്‍ തിരിച്ചുപിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഉക്രൈന്‍ സൈനികര്‍ ഇത്തരത്തില്‍ പിടിച്ചെടുത്ത പല ഗ്രാമങ്ങളിലും തങ്ങളുടെ പതാക ഉയര്‍ത്തുന്നതിന്റെ വിഡിയോകള്‍ പുറത്തുവരുന്നു. റഷ്യയുടെ സമൂഹ മാധ്യമ പേജുകളില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ ഇതേക്കുറിച്ച് സ്ഥിരീകരണം ഒന്നും വന്നിട്ടില്ലെന്നുമാണ് റഷ്യന്‍ അധികൃതര്‍ പറയുന്നത്.
കിഴക്കന്‍ ഉക്രൈനിലെ ഡോണെറ്റ്‌സ്‌ക് പ്രവിശ്യയിലെ സുപ്രധാന നഗരമായ ലൈമന്‍ ഉക്രൈന്‍ സേന കഴിഞ്ഞ ദിവസം തിരിച്ചുപിടിച്ച് നഗരകവാടത്തില്‍ ഉക്രൈന്‍ പതാക ഉയര്‍ത്തിയിരുന്നു.