മുംബൈ-മഹാരാഷ്ട്രയില്‍ വിവിധ ഏജന്‍സികള്‍ നടത്തിയ റെയ്ഡില്‍ അറസ്റ്റിലായ അഞ്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കസ്റ്റഡി
ഒക്‌ടോബര്‍ എട്ട് വരെ നീട്ടി.
സെപ്തംബര്‍ 22 ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) നേതൃത്വത്തില്‍ രാജ്യത്തുടനീളമുള്ള വിവിധ ഏജന്‍സികളുടെ റെയ്ഡുകള്‍ക്കിടെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സംസ്ഥാനത്ത് പിടികൂടിയ 20 പേരില്‍ ഉള്‍പ്പെടുന്ന അഞ്ച് പേരുടെ കസ്റ്റഡിയാണ് നീട്ടിയത്.
പ്രതികളുടെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനാല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ എം പാട്ടീലിന്റെ കോടതിയില്‍ ഹാജരാക്കിയ എടിഎസ് പ്രതികളെ എട്ട് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട് കോടതി ഇവരുടെ റിമാന്‍ഡ് അഞ്ച് ദിവസത്തേക്ക് നീട്ടി.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.