ഗുരുഗ്രാം- ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ഐസിയുവിലേക്ക് മാറ്റി.
ഓങ്കോളജിസ്റ്റ് ഡോ. നിതിന്‍ സൂദ്, ഡോ. സുശീല്‍ കതാരിയ എന്നിവരുടെ മേല്‍നോട്ടത്തിലാണ് 82 കാരനായ മുലായം ചികിത്സയില്‍ കഴിയുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഓഗസ്റ്റ് 22 മുതല്‍ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജൂലൈയിലും എസ്പി നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മുലായം സിംഗ് ജിയുടെ ആരോഗ്യനില മോശമാണെന്ന വാര്‍ത്ത ലഭിച്ചു. അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
മുലായം സിംഗ് യാദവിന്റെ ആരോഗ്യനില വഷളായതില്‍ ഞങ്ങള്‍ എല്ലാവരും ആശങ്കാകുലരാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുകയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.