- റോഷാക് റിലീസ് 7ന്
ദോഹ- താര രാജാവിന്റെ സാന്നിധ്യത്തിൽ റോഷാക് ഗ്ലോബൽ ലോഞ്ച് ദോഹയിൽ നടന്നു. ദോഹയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലാണ് ഗ്ലോബൽ ലോഞ്ചിംഗ് നടന്നത്. ചടങ്ങിൽ ഖത്തറിലെ മലയാളി പൗര പ്രമുഖരും ക്ഷണിക്കപ്പെട്ടവരും മാധ്യമ പ്രവർത്തകരുമാണ് പങ്കെടുത്തത്.
റോഷാക് ഒക്ടോബർ 7 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും എല്ലാവരും തിയേറ്ററുകളിൽ നിന്ന് തന്നെ സിനിമ കാണണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. സംവിധായകനും മ്യൂസിക് ഡയറക്ടറുമൊക്കെ താരതമ്യേന പുതിയവരാണെങ്കിലും ചിത്രം സവിശേഷമാകുമെന്ന് ചിത്രത്തിന്റെ നിർമാതാവ് കൂടിയായ മമ്മൂട്ടി പറഞ്ഞു. റോഷാക് എന്ന പേര് തന്നെ ജനങ്ങളിൽ ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട്.
തമാശയ്ക്ക് വലിയ പ്രാധാന്യമില്ലാത്ത ചിത്രമാണ് റോഷാക്ക്. ജഗദീഷ്, കോട്ടയം നസീർ തുടങ്ങിവർ പോലും ചിത്രത്തിൽ കോമഡിയല്ല കൈകാര്യം ചെയ്യുന്നത് -മമ്മുട്ടി പറഞ്ഞു. നിർമാതാവ് എന്ന നിലയ്ക്ക് ടെൻഷനുണ്ടോ എന്ന ചോദ്യത്തിന് എനിക്ക് നിങ്ങളിൽ വിശ്വാസമുള്ളിടത്തോളം യാതൊരു ടെൻഷനുമില്ലെന്ന് മമ്മൂട്ടി വ്യക്തമാക്കി. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഗ്ലോബൽ വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്.
വിവിധ ചിത്രങ്ങളിലെ മമ്മൂട്ടിയുടെ ശ്രദ്ധേയമായ റോളുകൾ ചെറിയ കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു കൊണ്ടാണ് പരിപാടിക്ക് തുടക്കമായത്. കുട്ടികളെ അഭിനന്ദിച്ച മമ്മൂട്ടി അവരോടൊപ്പം ഫോട്ടോയെടുത്തും സന്തോഷം പങ്കിട്ടു. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചെയർമാൻ അബ്ദുൽ സമദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് മാർക്കറ്റിംഗ് മാനേജർ ആർ.ജെ സൂരജ് സംസാരിച്ചു. ട്രൂത്ത് ഗ്ലോബൽ ഫിലിംസും റേഡിയോ മലയാളം 98.6 എഫ്.എമ്മും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ആർ.ജെ രതീഷും ആർ.ജെ തുഷാരയുമായിരുന്നു പരിപാടിയുടെ അവതാരകർ.