ന്യൂദല്‍ഹി- ഡിജിറ്റല്‍ മേഖലയില്‍ പുതിയ കുതിപ്പായി രാജ്യത്ത് 5ജി സേവനം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. ദല്‍ഹിയില്‍ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2022ന്റെ ആറാമത് പതിപ്പിലാണ് 5ജി സേവനങ്ങളുടെ ഉദ്ഘാടനം നടന്നത്. അഹമ്മദാബാദ്, ബംഗളൂരു, ചണ്ഡീഗഢ്, ചെന്നൈ, ദല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, പുനെ എന്നീ പതിമൂന്ന് നഗരങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ 5ജി ലഭ്യമാക്കുക. ദീപാവലിക്ക് ശേഷം ഈ നഗരങ്ങളില്‍ 5ജി ലഭ്യമാകും. എട്ട് നഗരങ്ങളില്‍ ഇന്നലെ മുതല്‍ 5 ജി സേവനം തുടങ്ങിയെന്ന് എയര്‍ടെല്‍ അവകാശപ്പെട്ടു.
ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്, റിലയന്‍സ് മേധാവി മുകേഷ് അംബാനി, ഭാരതി എയര്‍ടെല്ലിന്റെ സുനില്‍ മിത്തല്‍, വോഡഫോണ്‍ - ഐഡിയയുടെ കുമാരമംഗലം ബിര്‍ല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം വിവിധ ടെലികോം ഓപ്പറേറ്റര്‍മാര്‍ ഒരുക്കിയ പവലിയനുകളും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.
5ജി സര്‍വീസ് ഉടന്‍ ലഭ്യമാക്കുമെന്ന് ജിയോ വ്യക്തമാക്കി. ദീപാവലിക്ക് ദല്‍ഹി, മുംബൈ, ചെന്നൈ നഗരങ്ങളില്‍ സേവനം ലഭ്യമാക്കുമെന്ന് റിലയന്‍സ് അവകാശപ്പെട്ടു. അടുത്ത വര്‍ഷം ഡിസംബറിനകം രാജ്യത്തെ എല്ലാ നഗരങ്ങളിലും സേവനം എത്തിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ജിയോ ഈ രംഗത്ത് നടത്തുക.
4ജിയേക്കാള്‍ നൂറിരട്ടി വേഗത്തിലായിരിക്കും 5ജി സേവനങ്ങള്‍ ലഭ്യമാവുക. ബഫറിംഗ ഇല്ലാതെ തന്നെ വീഡിയോകള്‍ കാണുന്നതിനും ദൈര്‍ഘ്യമേറിയ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും സാധിക്കും. 5ജി സേവനം പുതിയ സാമ്പത്തിക അവസരങ്ങളും സാമൂഹിക നേട്ടങ്ങളുമാണ് രാജ്യത്തിന് നല്‍കുന്നത്. 2030 ഓടെ ഇന്ത്യയിലെ മൊത്തം കണക്ഷനുകളുടെ മൂന്നിലൊന്നില്‍ കൂടുതലും 5ജി ആയിരിക്കും.
ഘട്ടം ഘട്ടമായാണ് രാജ്യത്ത് 5 ജി സേവനങ്ങള്‍ നടപ്പിലാക്കുക. തെരഞ്ഞടുത്ത 13 നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ ലഭ്യമാവുക. രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ സേവനം വ്യാപിപ്പിക്കാനാണ് വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ തീരുമാനം. കേരളത്തില്‍ അടുത്ത വര്‍ഷത്തോടെയായിരിക്കും സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങുക. കഴിഞ്ഞ മാസം നടന്ന 5ജി സ്‌പെക്ട്രം ലേലത്തിലൂടെ ഒന്നര ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാറിന് ലഭിച്ചത്. സ്‌പെക്ട്രത്തിനായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് റിലയന്‍സ് ജിയോ ആണ്.