തെക്കൻ കൊറിയ-ജപ്പാൻ, 31 മെയ്-30 ജൂൺ, 2002
വേദികൾക്കു പുറത്ത് മിസൈലുകൾ വിന്യസിച്ചാണ് സെപ്റ്റംബർ 11 ആക്രമണത്തിനു ശേഷമുള്ള ആദ്യ ലോക കായികമേള തെക്കൻ കൊറിയയിലും ജപ്പാനിലുമായി അരങ്ങേറിയത്. എന്നിട്ടും ഏഷ്യയിലെ കന്നി ലോകകപ്പിനെ വൻകര ഉത്സവമാക്കി. അമേരിക്കൻ വൻകരക്കും യൂറോപ്പിനും പുറത്ത് ആദ്യമായി നടന്ന ലോകകപ്പായിരുന്നു അത്, രണ്ടു രാജ്യങ്ങൾ ചേർന്നു നടത്തുന്ന ആദ്യത്തേതും ഒരുപക്ഷെ അവസാനത്തേതും. തെക്കൻ കൊറിയ സെമിയിലേക്കു മുന്നേറി, ജപ്പാൻ രണ്ടാം റൗണ്ടിലെത്തി. ഇതാദ്യമായാണ് ജപ്പാനും തെക്കൻ കൊറിയയും ലോകകപ്പിൽ വിജയം നേടുന്നത്. ആദ്യമായി ക്വാർട്ടറിൽ അഞ്ച് ഫിഫ മേഖലകളിൽനിന്ന് ടീമുകളുണ്ടായി. പക്ഷെ കലാശപ്പോരാട്ടത്തിൽ പരമ്പരാഗത വൈരികൾതന്നെ ഏറ്റുമുട്ടി, ബ്രസീലും ജർമനിയും. നാലു വർഷം മുമ്പ് ഫൈനലിൽ നാണംകെട്ടു മടങ്ങിയ റൊണാൾഡൊ രണ്ടു ഗോളോടെ ബ്രസീലിനെ അഞ്ചാം കിരീടത്തിലേക്കു നയിച്ചു, എട്ടു ഗോളോടെ ടോപ്‌സ്‌കോററായി. 1970 നു ശേഷം ആദ്യമായി ടോപ്‌സ്‌കോറർ ആറിലേറെ ഗോൾ നേടി. ലോകകപ്പ് നേടിയ ഏഴ് ടീമുകളും 2002 ൽ ഫൈനൽ റൗണ്ടിനുണ്ടായിരുന്നു.
ആതിഥേയർ: കൊറിയ- ജപ്പാൻ
ചാമ്പ്യന്മാർ: ബ്രസീൽ
ടീമുകൾ: 32,
മത്സരങ്ങൾ: 64
യോഗ്യതാ റൗണ്ടിൽ
പങ്കെടുത്ത ടീമുകൾ: 199
അട്ടിമറികളുടെ ലോകകപ്പായിരുന്നു അത്. തുടക്കംതന്നെ വെടിക്കെട്ടോടെയായി. ചാമ്പ്യന്മാരായ ഫ്രാൻസിനെ കന്നിക്കാരായ സെനഗൽ വീഴ്ത്തി. ആ പ്രഹരത്തിൽനിന്ന് ഫ്രാൻസ് ഉണർന്നില്ല. ഒരു ഗോൾപോലുമടിക്കാതെ അവർ വിടവാങ്ങി, നിലവിലെ ചാമ്പ്യന്മാരുടെ ഏറ്റവും മോശം പ്രകടനം. സെനഗൽ അവിടെ നിന്നില്ല. രണ്ടാം റൗണ്ടിൽ സ്വീഡനെ ഗോൾഡൻ ഗോളിൽ വീഴ്ത്തി അവർ ക്വാർട്ടറിലേക്കു മുന്നേറി. ക്വാർട്ടറിൽ ഗോൾഡൻ ഗോളിൽ തുർക്കിക്കു മുന്നിലാണ് ആ കുതിപ്പ് അവസാനിച്ചത്.
പോർചുഗലിനെ വീഴ്ത്തിയ അമേരിക്ക അട്ടിമറിക്ക് കൊഴുപ്പു കൂട്ടി. പോളണ്ടിനെ തോൽപിച്ച് പോർചുഗൽ പ്രതീക്ഷ നിലനിർത്തിയെങ്കിലും ടൂർണമെന്റിന്റെ ടീമായി മാറിയ തെക്കൻ കൊറിയയോട് മുട്ടുമടക്കി നേരത്തേ മടങ്ങി. കിരീടം നേടുമെന്നു കരുതപ്പെട്ട അർജന്റീനയും ആഫ്രിക്കൻ വമ്പന്മാരായ നൈജീരിയയും ആദ്യ റൗണ്ട് കടന്നില്ല. ആദ്യ റൗണ്ടിൽ ഏവരും ഉറ്റുനോക്കിയ പോരാട്ടത്തിൽ ഇംഗ്ലണ്ടിനോട് അർജന്റീന തോറ്റു. 1998 ൽ അർജന്റീനക്കെതിരായ കളിയിൽ ചുവപ്പ് കാർഡ് കണ്ട ഡേവിഡ് ബെക്കാമാണ് പെനാൽട്ടിയിൽനിന്ന് വിജയ ഗോളടിച്ചത്. സ്വീഡനുമായി അവസാന കളിയിൽ സമനില പാലിച്ചതോടെ അർജന്റീന വിമാനം കയറി.
ടോപ്‌സ്‌കോറർ: റൊണാൾഡൊ (ബ്രസീൽ, 8)
പ്രധാന അസാന്നിധ്യം : നെതർലാന്റ്‌സ്
ആകെ ഗോളുകൾ 161 (ശരാശരി 2.52)
കൂടുതൽ ഗോളടിച്ചത് ബ്രസീൽ (18)
മത്സരക്രമം: നാലു വീതം ടീമുകളുള്ള എട്ട് ഗ്രൂപ്പുകൾ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ പ്രി ക്വാർട്ടറിൽ.
നോക്കൗട്ട് റൗണ്ടിലും അട്ടിമറിയുടെ അമിട്ടുകൾ പൊട്ടിക്കൊണ്ടിരുന്നു. പിന്നിലായ ശേഷം ആൻ ജുംഗ് ഹ്വാനിന്റെ ഗോൾഡൻ ഗോളിൽ ഇറ്റലിയെ കൊറിയ കെട്ടുകെട്ടിച്ചു. ഇറ്റലിയിലെ പെറൂജിയ ക്ലബ്ബിന്റെ താരമായിരുന്നു ആൻ. ഇറ്റലിയെ തോൽപിച്ച ആനിനെ പെറൂജിയ പിന്നീട് കളിപ്പിച്ചില്ല. ക്വാർട്ടറിൽ സ്‌പെയിനിനെ ഷൂട്ടൗട്ടിൽ കൊറിയ വീഴ്ത്തി. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു മത്സരങ്ങളും ജയിച്ച രണ്ടു ടീമുകളിലൊന്നായിരുന്നു സ്‌പെയിൻ. രണ്ടാമത്തെ ടീം ബ്രസീലായിരുന്നു. സ്‌പെയിനിനും ഇറ്റലിക്കുമെതിരായ കൊറിയയുടെ കളികളിലെ റഫറിയിംഗ് വൻ വിവാദമായി.
സെമിയിൽ ജർമനിയോട് ഒരു ഗോളിന് തോറ്റ് കൊറിയയുടെ കുതിപ്പ് അവസാനിച്ചെങ്കിലും ചുവപ്പണിഞ്ഞ് തെരുവുകൾ നിറഞ്ഞ കൊറിയക്കാർ ലോകകപ്പിനെ ഹൃദയങ്ങളിലേറ്റുവാങ്ങി. ഡച്ചുകാരനായ കോച്ച് ഗുസ് ഹിഡിങ്കിന് ഓണററി പൗരത്വം നൽകി അവർ.
ഫിലിപ് ട്രൗസിയറുടെ ജപ്പാനും പിന്നിലായില്ല. റഷ്യയെയും തുനീഷ്യയെയും തോൽപിച്ച അവർ ഗ്രൂപ്പിൽ ഒന്നാമതെത്തി. പക്ഷെ 1954 നു ശേഷം ആദ്യമായി ലോകകപ്പിനു വന്ന തുർക്കിക്കു മുന്നിൽ ജപ്പാന്റെ മുന്നേറ്റം അവസാനിച്ചു. കോസ്റ്ററീക്കയെ ഗോൾവ്യത്യാസത്തിൽ മറികടന്ന് രണ്ടാം റൗണ്ടിൽ കടന്നുകൂടിയ തുർക്കി പിന്നീട് വിശ്വരൂപം കാട്ടി. ഗോൾഡൻ ഗോളിൽ സെനഗലിനെ കീഴടക്കി സെമിയിലെത്തിയ അവർ ബ്രസീലിനോട് പൊരുതിത്തോൽക്കുകയായിരുന്നു. തുർക്കിയുടെ ഹകൻ ഉൻസാലിന് ചുവപ്പ് കാർഡ് നേടിക്കൊടുക്കാൻ റിവാൽഡൊ നാടകീയമായ വീഴ്ച അഭിനയിച്ച് നാണം കെട്ടു. അതിന് 5180 പൗണ്ട് ഫിഫ പിഴയിട്ടു. കൊറിയയെ കീഴടക്കി മൂന്നാം സ്ഥാനവുമായാണ് തുർക്കിക്കാർ മടങ്ങിയത്. പതിനൊന്നാം സെക്കന്റിൽ ഹകൻ സുകൂർ നേടിയ ഗോൾ ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയതായി. പോളണ്ടിനെതിരായ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ കളത്തിലിറങ്ങിയയുടെ കൊറിയയുടെ ചാ ദൂ രി 20 സെക്കന്റിനകം മഞ്ഞക്കാർഡ് കണ്ടു. സെർബിയക്കാരനായ ബോറ മിലൂട്ടിനോവിച് തുടർച്ചയായ അഞ്ചാമത്തെ ലോകകപ്പിൽ അഞ്ചാമത്തെ ടീമിന്റെ കോച്ചായി വന്നു. 1986 ൽ മെക്‌സിക്കോയെയും 1990 ൽ കോസ്റ്ററീക്കയെയും 1994 ൽ അമേരിക്കയെയും 1998 ൽ നൈജീരിയയെയും ആദ്യ റൗണ്ട് കടത്തിയ ബോറക്ക് ഇത്തവണ ചൈനയെ നോക്കൗട്ട് ഘട്ടത്തിലെത്തിക്കാനായില്ല.
അറിയാമോ?
കൊറിയ-ജപ്പാൻ 2002 എന്നോ അതോ ജപ്പാൻ-കൊറിയ 2002 എന്നോ എന്ന് പേരിനുവേണ്ടി ആതിഥേയ രാജ്യങ്ങൾ തമ്മിൽ വൻ വഴക്കുണ്ടായി. ഒടുവിൽ കൊറിയ ജയിച്ചു. 1996 ലാണ് ജപ്പാനും കൊറിയക്കും വേദി അനുവദിച്ച തീരുമാനമുണ്ടായത്. രണ്ടു വർഷം കഴിഞ്ഞാണ് ആദ്യമായി ജപ്പാൻ ലോകകപ്പ് കളിക്കുന്നത്.
ജർമനിക്ക് അധികമാരും വില കൽപിച്ചിരുന്നില്ല. ഗോളി ഒലിവർ കാനിന്റെ മികവാണ് അവരെ നയിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യയെ 8-0 ന് നിലംപരിശാക്കിയെങ്കിലും ക്വാർട്ടറിൽ അമേരിക്കക്കും സെമിയിൽ കൊറിയക്കുമെതിരെ മിഷേൽ ബാലക്കിന്റെ ഏക ഗോളിൽ അവർ വിജയമൊപ്പിക്കുകയായിരുന്നു. പക്ഷെ കൊറിയയുടെ മറുപടി ഗോൾ ഫൗളിലൂടെ തടഞ്ഞ് രണ്ടാം മഞ്ഞക്കാർഡ് വാങ്ങിയതോടെ ബാലക്കിന് ഫൈനൽ നഷ്ടമായി.
നിർഭാഗ്യമെന്നു പറയാം, അതുവരെ അതികായനായി നിന്ന കാനിന്റെ പിഴവിൽ ഫൈനലിൽ ബ്രസീൽ മുന്നിലെത്തി. റിവാൽഡോയുടെ സുന്ദരമായ മുന്നേറ്റത്തിൽനിന്ന് റൊണാൾഡൊ രണ്ടാം ഗോളുമടിച്ചു. ഏതു വൻകരയിലും ലോകകപ്പുയർത്താനാവുമെന്ന് ഏഷ്യയിലും ബ്രസീൽ തെളിയിച്ചു. ഗോൾഡൻ ഗോൾ കണ്ട അവസാന ലോകകപ്പായിരുന്നു അത്. അര മണിക്കൂർ എക്‌സ്ട്രാ ടൈം ഫിഫ പുനസ്ഥാപിച്ചു.